2012, മേയ് 31, വ്യാഴാഴ്ച

മാധവിക്കുട്ടി ..അവസാനത്തെ ദര്‍ശനംവരെ രാജ്ഞിയെപ്പോലെ....


 മാധവിക്കുട്ടി  ..അവസാനത്തെ ദര്‍ശനംവരെ  രാജ്ഞിയെപ്പോലെ....


അവസാനത്തെ ദര്‍ശനംവരെ  രാജ്ഞിയെപ്പോലെ നിറഞ്ഞുനിന്ന  മാധവിക്കുട്ടി  ... . ജീവിതത്തിന്റെയും എഴുത്തിന്റെയും വഴികളില്‍ മാധവിക്കുട്ടി തെളിയിച്ചത് എന്നും സ്‌നേഹത്തിന്റെ വിളക്കുകളായിരുന്നു... ആ വിളക്കുകള്‍ അനശ്വരങ്ങളുമാണ്... അവ തെളിയിക്കുന്ന വെളിച്ചം മലയാളത്തിന് ഒളിയും തിളക്കവുമേകി എന്നുമുണ്ടാവുമെന്നത് വ്യക്തവുമാണ്.




ആരായിരുന്നു മാധവിക്കുട്ടി എന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ മാധവിക്കുട്ടിയെക്കുറിച്ച് പറയാന്‍ കാണും.. എത്രയെത്ര ഭാവങ്ങളായിരുന്നു അവര്‍ക്ക്. ഒരു കൊച്ചുകുട്ടിയെപ്പോലെ ആശ്ചര്യപ്പെടാനും ആനന്ദിക്കാനും ആറാടാനുമൊക്കെ എന്നും തയ്യാറായിരുന്ന അവരുടെ മനസ്സ് ആ കഥകളേയും ലേഖനങ്ങളേയുമൊക്കെ പ്രത്യേക ചാരുതയുള്ളതാക്കിത്തീര്‍ത്തു എന്ന് തോന്നിയിട്ടുണ്ട്... ഇതേ കൊച്ചുകുട്ടിക്ക് കൗമാരക്കാരിയുടെ ചപലതകളെല്ലാം കാട്ടി പെരുമാറാനോ യുവതിയുടെ പ്രണയാര്‍ദ്രമായ ഹൃദയത്തോടെ തപസ്സിരിക്കാനോ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. പ്രണയമെന്ന വാക്കിന് മലയാളി സമൂഹത്തില്‍ പതിത്വം കല്‍പ്പിക്കപ്പെട്ടതാണെന്നൊന്നും അവര്‍ക്ക് പ്രശ്‌നമായില്ല... പ്രണയത്തിന്റെ തേരിലേറി അവരും അവരുടെ വാക്കുകളും പാറിപ്പറന്നു. ചിലപ്പോഴൊക്കെ നിലത്തുവീണ് തേങ്ങിക്കരഞ്ഞു... മനുഷ്യസഹജമായ എല്ലാ വികാരങ്ങളേയും യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊണ്ട അപൂര്‍വ വ്യക്തിത്വം - അതായിരുന്നു മാധവിക്കുട്ടി.



 മുതിര്‍ന്ന ഒരമ്മയുടെ, ഒരമ്മൂമ്മയുടെ പാകതയോടെ അവര്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയും സ്ത്രീകള്‍ക്കുവേണ്ടിയും ഏറെ ചിന്തിച്ചു... ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട് ‘ഡെറ്റോളിട്ട് കഴുകിക്കോളൂ, ഒന്നും സംഭവിച്ചിട്ടില്ല നിനക്ക്’ എന്ന് പറയണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ‘എന്റെ കഥ’ വായിച്ചതിനേക്കാള്‍ ഞെട്ടിയവരുണ്ട്... മുഖം നഷ്ടപ്പെട്ടുപോയ ‘പെണ്‍വാണിഭ’ പെണ്‍കുട്ടികളെത്രയാണ് നമ്മുടെ നാട്ടിലുള്ളതെന്ന് ഇന്ന് അറിയുമ്പോള്‍ ആ മാതൃഹൃദയത്തിന്റെ കരുതല്‍ തിരിച്ചറിയുന്നു...




സ്‌നേഹത്തിന്റെ അപരിമേയത അറിഞ്ഞ കഥാകാരി വായനക്കാര്‍ക്ക് ബാക്കിവച്ചിട്ടുപോയിരിക്കുന്നത് വിലപിടിച്ച സ്വത്താണ്, വല്ലപ്പോഴുമൊരിക്കല്‍ മാത്രം. വായനക്കാര്‍ക്ക് സ്വന്തമാവുന്ന അപൂര്‍വ സ്വത്ത്. ആ വാക്കുകള്‍ സൗന്ദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സത്യസന്ധതയുടെയും ആത്മാര്‍ത്ഥയുടെയും ഒക്കെ അനുഭവങ്ങള്‍ നമുക്ക് തരുന്നു... സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ശക്തമായി പറയുന്നതിനൊപ്പം തന്നെ അവളുടെ മാനസിക വ്യാപാരങ്ങളുടെ ആഴങ്ങള്‍ തേടാനും അവര്‍ക്ക് കഴിഞ്ഞിരുന്നു... സ്ത്രീയെ തളച്ചിടുന്ന (സ്ത്രീയെ മാത്രമല്ല മനുഷ്യനെ ആകെത്തന്നെ)  പാരമ്പര്യവാദങ്ങള്‍ക്കും ആദര്‍ശവാദങ്ങള്‍ക്കുമൊക്കെ അപ്പുറം ചിന്തിക്കാനും കാപട്യംകൂടാതെ അവയെക്കുറിച്ച് പ്രതികരിക്കാനും അവര്‍, എന്നും ശ്രദ്ധിച്ചു - യാഥാര്‍ഥ്യത്തിനും സങ്കല്‍പ്പത്തിനും ഇടയിലെവിടെയെന്ന് വേര്‍തിരിക്കാനാവാത്ത രീതിയിലൂടെ അവരെഴുതിയ കഥകള്‍ മിക്കവയും സ്‌നേഹത്തിന്റെ ശക്തി വിളിച്ചോതുന്നതുമായിരുന്നു... സ്‌നേഹത്തിന്റെ വഴിയിലൂടെ എഴുത്തുകാരിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എത്ര വിദഗ്ധമായിട്ടാണവര്‍ നിര്‍വഹിച്ചത്...സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും എന്നും കൊതിച്ച ആ മനസ്സ് പലപ്പോഴും മലയാളികളോട് കലഹിച്ചിട്ടുമുണ്ട്, തന്നെയറിയാത്ത തന്റെ നാട്ടുകാരെക്കുറിച്ച് മാധവിക്കുട്ടി പരാതിപ്പെട്ടിട്ടുമുണ്ട്... പക്ഷേ, നമുക്കിപ്പോള്‍ സമാധാനിക്കാം, ഒരു രാജ്ഞിയെപ്പോലെ നമ്മളവരെ യാത്രയാക്കിയെന്ന് - അവര്‍ അര്‍ഹിക്കുന്ന സ്‌നേഹം തിരിച്ചു നല്‍കിയെന്ന്, ഇനിയും നല്‍കാതിരിക്കാന്‍ നമുക്കാവില്ലെന്ന്... മലയാള സാഹിത്യത്തിന്റെ വഴികളില്‍ അവര്‍ കൊളുത്തിവച്ച് പോയ വിളക്കുകള്‍ എന്നും നിറഞ്ഞ വെളിച്ചത്തോടെതന്നെ നിലനില്‍ക്കുമെന്നത് നമുക്ക് പണ്ടേ ഉറപ്പാണല്ലോ!


2012, മേയ് 29, ചൊവ്വാഴ്ച

വിനയകിരീടം ചൂടി കെ.എസ്. ചിത്ര






വിനയകിരീടം ചൂടി    കെ.എസ്. ചിത്ര 



''വിനയം നിനക്ക് കിരീടമായിരിക്കട്ടെ'' എന്ന് ടാഗോര്‍ പാടിയിട്ടുണ്ട്.  ആ കിരീടം ചൂടുന്നവര്‍ അപൂര്‍വ്വം.  എനിക്ക് മകളായ കെ.എസ്. ചിത്ര വിനയമായി, വിനയകിരീടം ചൂടി എന്റെ മുന്നിലിരിക്കുമ്പോള്‍ മനസ്സ് നിറയുന്നു.''
പറയുന്നത് ഒ.എന്‍.വി. കുറുപ്പ്.  ചിത്രയുടെ അനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഒ.എന്‍.വി. സാര്‍.
വേദിയില്‍ ചന്ദന നിറമുള്ള സാരിയും ബ്ലൗസുമിട്ട് പൂര്‍ണ്ണ ചന്ദ്രനെപ്പോലെ ചിരിച്ച് ചിത്ര.  35 വര്‍ഷം മുമ്പ്  തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അസംബ്ലിയില്‍ പ്രാര്‍ത്ഥന പാടുമ്പോഴുള്ള അതേ ചിരിയോടെ ചിത്ര.  ആരുടെ മുന്നിലും തൊഴുകൈയോടെ നില്‍ക്കുന്ന അതേ ഭാവം.  ലോകമറിയുന്ന പാട്ടുകാരിയാവുമ്പോഴും കുട്ടിത്തം വിടാതെ ലാളിത്യമാര്‍ന്ന് ചിത്ര.
 ചില മനുഷ്യര്‍ ചരിത്രത്തിലേക്ക് നടന്നു കയറുന്നത് പ്രതിഭ കൊണ്ടാണ്, മറ്റു ചിലര്‍ സ്വഭാവ മഹിമ കൊണ്ടും.  ഇവ രണ്ടും ചിത്രയ്ക്ക് വേണ്ടുവോളമുണ്ട്, ചരിത്രം ചിത്രയുടേതാകുന്നത് അതു കൊണ്ടാണല്ലോ.
വിനയത്തിന്, ഹൃദയ നൈര്‍മ്മല്യത്തിന്, നിഷ്‌ക്കളങ്കതയ്ക്ക്, ആത്മാര്‍ത്ഥതയ്ക്ക്, സ്‌നേഹത്തിന്, സൗഹൃദത്തിന് - ചിത്ര ഇതിനൊക്കെ പര്യായമാണ് ഞങ്ങള്‍ക്ക് - കൂട്ടുകാര്‍ക്ക്.
പഴയ പച്ചപ്പാവാടയും വെള്ള ബ്ലൗസുമിട്ട പെണ്‍കുട്ടികള്‍ക്കപ്പുറം ഇപ്പോഴും ഒരുമിച്ചു കൂടുമ്പോള്‍ ആരും ആരുമാവുന്നില്ല.  പണ്ടത്തെപ്പോലെ നിറഞ്ഞ് കവിഞ്ഞ് ആനന്ദിച്ച്, ചിരിച്ച് മറിഞ്ഞ് അനേ്യാന്യം കളിയാക്കി.
വിരല്‍ത്തുമ്പില്‍ ഒരു കൂട്ടുകാരിയുടെ താങ്ങ്..ചിത്രക്ക് അത് കൂടിയേ കഴിയൂ എന്നായിരുന്നു പണ്ട്..സ്‌നേഹം പ്രകടിപ്പിക്കാന്‍ പിശുക്കില്ലാത്ത കൂട്ടുകാരി.ഇന്നും കാണുമ്പോള്‍ ചിത്രയുടെ മുഖത്ത്   പഴയത് പോലെ സൗഹൃദത്തിന്‌റെ ആവേശം,കൈകളില്‍ സ്‌നേഹത്തിന്‌റെ സ്പന്ദനങ്ങള്‍.വാക്കുകളില്‍ കുസൃതിയുടെ പൂത്തിരികള്‍..കൂടിക്കാഴ്ചകള്‍ ആഘോഷങ്ങളാക്കുന്ന അപൂര്‍വ്വം കൂട്ടുകാരില്‍ ഒരാള്‍.
''ചിത്ര ലോകമറിയുന്നൊരു പാട്ടുകാരിയാണെന്ന് ചിത്രയോ മറക്കുന്നു, നമുക്ക് എന്താ അങ്ങനൊരു ആലോചന ഇല്ലാത്തത്.  കഷ്ടം, നമ്മുടെ ഒരു കാര്യം.''
ചിത്രയുടെ സംഗീതാദ്ധ്യാപിക കൂടിയായ പി .സുശീലാ ദേവിയുടെ മകള്‍ ബിന്ദു പ്രദീപ് സ്വയം കളിയാക്കുന്നത് അങ്ങനെ.
''ഈ ചിത്ര ഇപ്പോഴും പണ്ടത്തെപ്പോലെ തന്നെ.  സ്റ്റേജില്‍ കയറും മുമ്പ് പത്തു വിരലുകളിലും നിറച്ചിട്ടിരിക്കുന്ന ദൈവങ്ങളുടെ മോതിരങ്ങള്‍ തെരുപ്പിടിപ്പിച്ച് സര്‍വ്വദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചോണ്ടേയിരിക്കും.  ടെന്‍ഷനോട് ടെന്‍ഷന്‍ തന്നെ.''  ബിന്ദുവിന്റെ തമാശ കേട്ട്  ചിത്ര കണ്ണിറുക്കി ചിരിക്കും.
ഏറ്റവും ഉയരത്തെ പടിയില്‍ നില്‍ക്കുമ്പോഴും കയറി വന്ന പടികള്‍ മറക്കാതിരിക്കുന്നത് മഹത്വത്തിന്റെ ലക്ഷണമാണ് - ചിത്രയ്ക്ക് ആ മഹത്വമുണ്ട്.  സംഗീത കുടുംബത്തില്‍ നിന്നെത്തിയ സംഗീതം പഠിക്കാത്ത കുട്ടി കേന്ദ്ര ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിനായി ചേച്ചിയെ പഠിപ്പിച്ച പാഠങ്ങള്‍ പഠിച്ചു പോകുന്നു, ജഡ്ജിംഗ് കമ്മറ്റിയോട് സത്യം തുറന്നു പറയുന്നു.  കമ്മറ്റി സര്‍വ്വാത്മനാ ഏഴ് വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.  ചിത്രയുടെ ഔദേ്യാഗിക സംഗീതപര്‍വ്വം തുടങ്ങുന്നത അങ്ങനെ..
അച്ഛന്‍ കരമന കൃഷ്ണന്‍ നായര്‍ സംഗീതത്തെ സ്‌നേഹിച്ച പാട്ടുകാരന്‍.  അമ്മ ശാന്തകുമാരി അദ്ധ്യാപിക.  ശബ്ദം നന്നാകാന്‍ വെണ്ണയില്‍ കുരുമുളക് പൊടിച്ചിട്ട് മകളെ കഴിപ്പിച്ചിരുന്ന  നല്ല കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ പശുവിനെയോ സ്വര്‍ണ്ണത്തെയോ കണി കാണിച്ച് മകളെ പറഞ്ഞയച്ചിരുന്നവര്‍.
 ബാല്യകൗമാരങ്ങള്‍ മുഴുവന്‍ ചിത്ര സമര്‍പ്പിച്ചത് സംഗീതത്തിന് ആയിരുന്നു.  സ്‌കൂള്‍ മത്സരവേദികള്‍, യുവജനോത്സവ വേദികള്‍ - നിറഞ്ഞ ചിരിയോടെ ചിത്ര സമ്മാനങ്ങള്‍ വാരിക്കൂട്ടി  മടങ്ങി എത്തുമ്പോള്‍ സംഗീതത്തിലെ എതിരാളികള്‍ക്ക് പോലും അസൂയ തോന്നില്ലായിരുന്നു.    ചിത്രയ്ക്ക് കിട്ടുന്ന സമ്മാനങ്ങള്‍, വിജയങ്ങള്‍ അത് ഞങ്ങള്‍ക്ക് കിട്ടിയതാണെന്ന് കൊച്ചുന്നാളില്‍ ഞങ്ങള്‍ കരുതി.  ഇന്ന് ചിത്രയുടെ വിജയങ്ങളില്‍ നാട് മുഴുവന്‍ ചിത്രയോടൊപ്പം സന്തോഷിക്കുന്നു, ദുഃഖങ്ങളില്‍ ഒപ്പം തേങ്ങുന്നു.  രണ്ടഭിപ്രായം പറയാനില്ലാത്ത വ്യക്തിത്വം - ആ സ്വഭാവശുദ്ധി ചിത്രയുടെ ഉള്ളിലുള്ളതാണ്, അത് നന്മ നിറഞ്ഞ ആ അച്ഛനമ്മമാര്‍ നല്‍കി പോയതാണ്.  അതു കൊണ്ടാണ് ആ ചിരി എന്നും എപ്പോഴും ഇങ്ങനെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നത്, ചിത്രയുടെ സാന്നിദ്ധ്യം സൗരഭ്യമേകുന്നത്.
എന്നും പ്രസരിപ്പുള്ള കുട്ടിയായിരുന്നു (കുട്ടിയാണ്) ചിത്ര.  പോസിറ്റീവ് ആയി മാത്രം
കാര്യങ്ങളെ സമീപിക്കുന്ന രീതി കൊണ്ട് കെ.എസ്. പോസിറ്റീവ് എന്ന് ഞങ്ങള്‍ കളിയാക്കുക പോലും ചെയ്തിരുന്നു.  നൂറു ശതമാനം വിശ്വാസമുള്ള ഒരു സൗഹൃദം.  ''ചിത്ര മോശമായി പറഞ്ഞു'' വെന്ന് മറ്റൊരാള്‍ പറഞ്ഞാല്‍ ഓരോ സുഹൃത്തും നൂറു ശതമാനം വിശ്വാസത്തോടെ പറയും.  ''ചിത്രയോ, ഇല്ല, ചിത്ര അതു പറയില്ല''.
 കാപട്യങ്ങള്‍, കൃത്രിമ വര്‍ത്തമാനങ്ങള്‍, പൊങ്ങച്ചങ്ങള്‍, പ്രശസ്തിയുണ്ടാക്കുന്ന തലക്കനം - ചിത്രയുടെ ഡിക്ഷണറിയില്‍ ഇവയൊന്നും തന്നെ ഇല്ല.  അതു കൊണ്ടാണ് ഹൃദയത്തോട് ചേര്‍ത്തു വച്ച് ഓരോ സംഗീതപ്രേമിയും പറയുന്നത് - ''ഈ കുട്ടി എന്റെ വീട്ടിലെ കുട്ടിയാണ്.  ഓരോ സുഹൃത്തും പറയുന്നത് - ''ചിത്ര എന്റെ ചിത്രയാണ്''.
എത്ര വളര്‍ന്നിട്ടും പഴയ ''കുട്ടി ചിത്ര'' തന്നെയാണ് ചിത്ര.  ചിത്രയ്ക്ക് മാത്രമെ അങ്ങനെയാകാന്‍ കഴിയൂ.  ആരെങ്കിലും ചീത്ത പറഞ്ഞാല്‍ കേട്ടോണ്ടിരിക്കുമെന്നല്ലാതെ എതിര്‍ത്തു പറയുകയേയില്ല.  കുറെ കഴിയുമ്പോള്‍ എല്ലാം മറന്ന് ചീത്ത പറഞ്ഞവരോട് തന്നെ സ്‌നേഹത്തില്‍ പെരുമാറും.  കുട്ടിത്തം ഒരിക്കലും ചിത്രയെ വിട്ടു പോകുന്നില്ല.  ആ ചിരിയില്‍ നിന്ന് പോലും.
 സ്‌കൂളില്‍ പഠിക്കുമ്പോള്‍  ഞങ്ങള്‍ ചിത്രയെ കളിയാക്കുന്ന കാര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു.  കൈയിലെ പത്തു വിരലുകളിലുള്ള മോതിരം പോലെ  ഒരു വിശ്വാസമായിരുന്നു കാതിലെ ജിമുക്കി.  അത് ഉള്ളത് കൊണ്ടാണ് സമ്മാനം കിട്ടുന്നത് എന്നുവരെ ചിത്ര പറഞ്ഞു കളയും.  ചിത്ര നന്നായി പാടുന്നത് കൊണ്ടാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.  ജിമുക്കിയിലുള്ള വിശ്വാസം ചിത്ര വിടില്ല.
 ഉയര്‍ച്ചയ്‌ക്കൊത്ത് സൗഹൃദങ്ങളുടെ സ്വഭാവം മാറ്റാനൊന്നും ചിത്ര മെനക്കെട്ടിട്ടില്ല.  പണ്ടത്തെ കൂട്ടുകാര്‍ ഒക്കെ ഇപ്പോഴും കൂട്ടുകാര്‍.  കളിയാക്കിയും പൊട്ടിച്ചിരിച്ചും പൊട്ടിച്ചിരിപ്പിച്ചും മിമിക്രി കാണിച്ച് രസിപ്പിച്ചും അപൂര്‍വ്വ നിമിഷങ്ങള്‍ പങ്കിടാനുള്ള ദൈവിക വരദാനങ്ങള്‍ തന്നെ ഇപ്പോഴും സൗഹൃദങ്ങള്‍.  ചിത്ര വരുമ്പോള്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങളില്‍ വാത്സല്യം പുഴയാഴൊഴുകും.  അത് ചിത്രയ്ക്ക് മാത്രം സ്വന്തമായ ഒരു സ്‌നേഹപ്പുഴയാണ്.
 സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചിത്രയ്‌ക്കൊപ്പം ഞങ്ങളും കരുതി ചേച്ചി കെ.എസ്. ബീനയായിരിക്കും വലിയ ഗായികയാകാന്‍ പോകുന്നതെന്ന്.  ചിത്രയെ ഐ.എ.എസ് ഓഫീസര്‍ ആയി കാണാനായിരുന്നു അമ്മയ്ക്കിഷ്ടം.  പക്ഷെ വിധി ഗായികയുടെ സിംഹാസനമൊരുക്കി കാത്തിരുന്നത്  ചിത്രയ്ക്ക് വേണ്ടിയായിരുന്നു.  കോട്ടണ്‍ഹില്‍ സ്‌കൂളിലെ സി.കെ. ലില്ലി ടീച്ചറും, ശ്രീദേവി ടീച്ചറും ഗ്രേസമ്മ ടീച്ചറും പൊന്നമ്മ ടീച്ചറുമൊക്കെ ആ സിംഹാസനം മുന്‍കൂട്ടി കണ്ടിരുന്നു എന്ന് ഇന്ന് തോന്നുന്നു.  സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വേദികള്‍ ചിത്രയുടെ വേദികളായി മാറിയ കാലമായിരുന്നു അത്.  കോളേജിലെത്തുമ്പോഴും ചിത്ര തന്നെയായിരുന്നു സംഗീത താരം.
അരവിന്ദന്റെ കുമ്മാട്ടിയില്‍ ''കറുകറെകാര്‍മുകില്‍'' എന്ന കോറസ്, 'അട്ടഹാസ' ത്തില്‍ ''ചെല്ലം ചെല്ലം'' തുടങ്ങിയ സിനിമാ സംരഭങ്ങള്‍ ഇതിനിടയില്‍ എപ്പോഴൊക്കെയോ നടന്നിരുന്നു.  പക്ഷെ ആദ്യമായി കെ.എസ്. ചിത്രയുടെ ശബ്ദം പുറത്ത് വന്നത്   ''ഞാന്‍ ഏകനാണ്'' എന്ന സിനിമയിലൂടെയായിരുന്നുവല്ലോ.
 കണ്ണടച്ചിരിക്കുമ്പോള്‍ എത്തുന്നത് തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ മ്യൂസിക് ഡിപ്പാര്‍ട്ടുമെന്റിന് മുന്നില്‍.  പഴയ മട്ടിലുള്ള ആ കെട്ടിടത്തിന്റെ തടി വരാന്തയിലിരുന്ന് ചിത്ര തലേന്ന് റെക്കോര്‍ഡ് ചെയ്ത ''രജനീ പറയൂ'' എന്ന പാട്ട് പാടുകയാണ്, എനിക്കായി.  പാട്ട് കഴിഞ്ഞ് ചിത്രയുടെ കൈയില്‍ കൈ അമര്‍ത്തുമ്പോള്‍ മനസ്സില്‍ പ്രാര്‍ത്ഥന മാത്രം '' ഈ തുടക്കം നന്നാവണേ''.  എപ്പോള്‍ പറഞ്ഞാലും പാടുന്ന ചിത്ര.   എത്രമാത്രമാണ് ഞങ്ങള്‍ ചിത്രയെ കൊണ്ട് പാടിച്ചിട്ടുള്ളത,പാടിക്കുന്നത്.  ആദ്യം വരുന്നത് ആ പകരം വയ്ക്കാനില്ലാത്ത ചിരിയാണ്, പിന്നെ ഹൃദയം കുളിര്‍പ്പിച്ച് സംഗീതവും.
ചിത്രയുടെ പാട്ടുകള്‍, മലയാളിയുടെ രാപകലുകളുടെ സമ്പന്നത - നമുക്ക് സ്വന്തമായ സംഗീത ഖനി.
 ചിത്രയുടെ വിവാഹം നിശ്ചയിക്കുമ്പോള്‍ ഇരട്ടി സന്തോഷമായിരുന്നു.  ഞങ്ങളുടെ ഒപ്പം പഠിച്ച രാജി (രാജീ ഗോപാലകൃഷ്ണന്‍, അക്കാലത്തെ പ്രശസ്ത നര്‍ത്തകി)യുടെ ചേട്ടന്‍ വിജയശങ്കറാണ് വരന്‍.  മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു.  വായനയില്‍ എനിക്ക് വഴികാട്ടി ആയിരുന്ന ആനന്ദം ടീച്ചറിന്റെ (ആനന്ദം ഗോപാലകൃഷ്ണന്‍) മകന്‍ കൂടിയായിരുന്നു വിജയന്‍ ചേട്ടന്‍.
കല്യാണ ശേഷം ചിത്രയുടെ ദാമ്പത്യത്തെക്കുറിച്ച് അപവാദഘോഷങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേരളകൗമുദിയിലും ഫിലിം മാഗസിനിലും ഞാന്‍ ചിത്രയുടെ അഭിമുഖങ്ങള്‍ എഴുതിയിരുന്നു.  ''ഞങ്ങളെ വെറുതെ വിടൂ'' എന്നായിരുന്നു അന്ന് ചിത്ര അപവാദപ്രചാരകരോട് അപേക്ഷിച്ചത്.  ഇന്നും ചുറ്റും അപവാദങ്ങള്‍ ഉയരുമ്പോള്‍ ചിത്ര മറ്റൊന്നും ആവശ്യപ്പെടുന്നില്ല.  ഏറ്റവുമൊടുവില്‍ മകളുടെ മരണവേളയിലും  ഒരുപാട് കഥകള്‍ കേട്ടു.  ക്ഷമിക്കാനും, സഹിക്കാനും മാത്രം അറിയുന്ന ചിത്ര അതും ക്ഷമിച്ചു, ഭര്‍ത്താവ് വിജയന്‍ ചേട്ടനെ ആശ്വസിപ്പിച്ചു.
.  ''സാരമില്ല''.
മകളുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ചിത്ര മടങ്ങി വരണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ എത്രകോടി ജനങ്ങളായിരുന്നു.  16 തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ, 6 തവണ ദേശീയ അവാര്‍ഡ് നേടിയ ഗായിക എന്ന നിലയിലായിരുന്നില്ല ആ പ്രാര്‍ത്ഥനകള്‍.  സന്തോഷത്തിലും സന്താപത്തിലും തഴുകാനെത്തിയ ദൈവികനാദമാണ്  ചിത്ര.  ചിത്രയെ സ്‌നേഹിക്കുന്നത് മലയാളികള്‍ മാത്രമല്ലല്ലോ.  തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, അസമീസ്, ബംഗാളി, ലത്തീന്‍ തുടങ്ങിയ ഭാഷകളിലൊക്കെ ചിത്ര കൈയ്യൊപ്പിട്ടിട്ടുണ്ട്.  ഇത്രയ്ക്ക് സ്വപ്നസദൃശ്യമായ ഒരനുഭവം മറ്റൊരു മലയാളി സ്ത്രീക്ക് ലഭിച്ചിട്ടില്ലല്ലോ.
നന്ദന - ചിത്രയുടെ നൊമ്പരക്കാറ്റ് - ഒരു ജന്മത്തെ തപസ്സായിരുന്നു അവള്‍ക്ക് വേണ്ടി.  1989-ല്‍ പ്രസവത്തിനായി തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു കിടക്കുമ്പോള്‍ ആനന്ദം ടീച്ചര്‍ ചിത്രയുമായെത്തി.  ഗര്‍ഭിണിയാകുന്നതിനുള്ള പരിശോധനകള്‍ക്ക്.  അന്ന് മുതലേ തുടങ്ങിയതാണ് തപസ്സ്.  ഡി.എന്‍.സി.ക്ക് ശേഷം മറ്റ് മുറികള്‍ ഇല്ലാതിരുന്നതിനാല്‍ അന്ന് വൈകിട്ട് വരെ ചിത്ര കിടന്നത് എന്റെ മുറിയിലായിരുന്നു.  കുഞ്ഞിന് വേണ്ടിയുള്ള ചിത്രയുടെ അടങ്ങാത്ത മോഹം കണ്ട് എന്റെ നിറഞ്ഞ വയറില്‍ കയ്യമര്‍ത്തി ഞാനന്ന് പ്രാര്‍ത്ഥിച്ചു പോയി.
''ചിത്രയ്ക്ക് എത്രയും വേഗം കുഞ്ഞിനെ കൊടുക്കണേ.''  ഒടുവില്‍ നന്ദന വന്നു, ജീവിതം ഉത്സവമാക്കി 8 വര്‍ഷം.  നൂറു ജന്മങ്ങളിലെ അമ്മ മനസ്സും സ്‌നേഹവും ചിത്ര അവള്‍ക്ക് നല്‍കി.  പെട്ടെന്ന് ഒരത്ഭുതം പോലെ അവള്‍ മറഞ്ഞു.  മദ്രാസിലെ സാലീഗ്രാമത്തിലെ വീട്ടില്‍ ചെല്ലുമ്പോള്‍ ചിത്ര തകര്‍ന്ന് കണ്ണീരൊഴുക്കി പറഞ്ഞു കൊണ്ടേയിരുന്നു.
''ഇല്ല മറക്കാനാവില്ല, ഈ ജന്മത്തിലല്ലാ ഒരു ജന്മത്തിലും നന്ദനയെ മറക്കാനാവില്ല.''
ഒപ്പം പഠിച്ചവരും ,പഠിപ്പിച്ചവരുമായ ഞങ്ങള്‍ക്ക് മുന്നില്‍ നിയന്ത്രണങ്ങള്‍ നഷ്്ടപ്പെട്ട്  ചിത്ര കരയുമ്പോള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചത് ''ചിത്രയ്ക്ക് ശക്തി കിട്ടണേ'' എന്നായിരുന്നു.  ചിത്ര വീണ്ടും ചിരിക്കുമോ എന്ന് ഞങ്ങള്‍ അനേ്യാന്യം ചോദിച്ചു കൊണ്ടേയിരുന്ന നാളുകള്‍.  ഒടുവില്‍ സ്‌നേഹം + ഇഷ്ടം = അമ്മ എന്ന ചിത്രത്തില്‍ പാടി ചിത്ര തിരികെ വന്നുവെന്നറിഞ്ഞപ്പോള്‍ എന്തൊരാശ്വാസമായിരുന്നു.  ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്‌ക്കാരം (പാടറിയേന്‍, പഠിപ്പറിയേന്‍ - സിന്ധുഭൈരവി - 1986) കിട്ടി എന്നറിഞ്ഞതിനേക്കാള്‍ സന്തോഷം തോന്നിയ നിമിഷം.  
ചിത്ര നേടാത്തത് എന്താണ്?
വിവിധ ഭാഷകളിലായി 11,000-ത്തോളം പാട്ടുകള്‍.  പ്രശസ്തരായ എല്ലാ സംഗീത സംവിധായകന്മാര്‍ക്കുമൊപ്പവും പാട്ടുകള്‍, അവാര്‍ഡ് പ്രളയം, ആല്‍ബങ്ങള്‍, വിദേശ പര്യടനങ്ങള്‍, ലണ്ടനിലെ റോയല്‍ ആല്‍ബെര്‍ട്ട് ഹാളില്‍ ലതാ മങ്കേഷ്‌ക്കര്‍ക്ക് ശേഷം ആദ്യമായി പാടാന്‍ അവസരം - പിന്നെ ലോകമെ ങ്ങുമുള്ള മലയാളികളുടെ മനസ്സുകളില്‍ നിറയുന്ന സ്‌നേഹത്തിന്റെ ഇഷ്ടത്തിന്റെ പെരുമഴ.
 ജീവിതം ധന്യമാണെന്ന് തോന്നുന്ന ചില അവസരങ്ങള്‍ ഉണ്ട്, ഓരോ ജീവിതത്തിലും.  ചിത്രയോടൊത്ത് പഠിച്ചതില്‍, ചിത്രയെപ്പോലൊരു പ്രതിഭയെ പരിചയിച്ചതില്‍, ചിത്രയെപ്പോലെ നന്മ നിറഞ്ഞ ഒരു മനുഷ്യ ജന്മത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍.
ഒന്‍പതാം ക്ലാസ്സിലെ അവധിക്കാലത്ത് തിരുവനന്തപുരത്തെ ഉള്ളൂര്‍ സ്മാരകത്തില്‍ഒരു മാസത്തെ  കവിതാ കഥന ക്ലാസ്സില്‍   പഠിക്കുമ്പോള്‍ ചിത്ര  കവിതകള്‍ ചൊല്ലുന്നത് കേട്ട് ആനന്ദിച്ച്
മനസ്സ്  പറഞ്ഞിരുന്നു..''മലയാളത്തിന്റെ കുട്ടി'' യാണ് ചിത്രക്കുട്ടി..
  അതെ മലയാളത്തിന്റെ കുട്ടിയാണ് ചിത്ര.  അന്ന് വരെ നമ്മുടെ ചലച്ചിത്രഗാന രംഗത്ത് നില നിന്നിരുന്ന അന്യഭാഷാ ഗായികമാര്‍ക്കിടയില്‍ ചിത്ര ഉണ്ടാക്കിയെടുത്തത് ആ വ്യക്തിത്വമായിരുന്നു.  അത് മലയാള ഗാനശാഖയുടെ ചരിത്രം കൂടിയായി മാറിയത് യാദൃച്ഛികം.
 വിലപ്പെട്ട ഒരു പാഠപുസ്തകമാണ് ചിത്ര.  നേട്ടങ്ങളില്‍ ഭ്രമിക്കാതെ, ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് ചെല്ലുമ്പോഴും കുനിഞ്ഞ ശിരസ്സോടെ, മധുരമുള്ള വാക്കുകളോടെ, ആരെയും നോവിക്കാതെ, നൊമ്പരപ്പെടുത്താതെ മുന്നോട്ടു പോകാന്‍ കഴിയുമെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകം.  വിനയത്തിന്, ലാളിത്യത്തിന്, സ്‌നേഹത്തിന് ഇത്ര ചന്തമോ എന്നമ്പരപ്പിക്കുന്നു ഓരോ വട്ടവും ചിത്ര.









സൗദി അറേബ്യയിലെ
മലയാളം ന്യൂസ്‌ പത്രത്തില്‍ പെരുമഴക്കാലം എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്.





























2012, മേയ് 16, ബുധനാഴ്ച

മനസ്സിന് മരിക്കണം.






മനസ്സിന് മരിക്കണം.



കഴിഞ്ഞ ദിവസങ്ങളില്‍ ഒരേയൊരു ദൃശ്യമാണ് തലയ്ക്കുള്ളില്‍ മിന്നി മറഞ്ഞു കൊണ്ടിരിക്കുന്നത്.  ഒരു ഇറച്ചിക്കട.  അവിടെ വലിയൊരു തടിപ്പുറത്ത് കിടക്കുന്നൊരാള്‍ - ആഞ്ഞാഞ്ഞു വീഴുകയാണ് വടിവാള്‍.  കൊത്തിനുറുക്കപ്പെടുകയാണ്, കഷ്ണം കഷ്ണമാക്കപ്പെടുകയാണ്.  ഒരിക്കലും അവസാനിക്കാതെ ആ വടിവാള്‍ അരിഞ്ഞു കൊണ്ടേയിരിക്കുകയാണ്.  ആ ഇറച്ചിക്കഷണങ്ങള്‍ വാങ്ങാന്‍ ഒരുപാട് പേരെത്തിയിരുന്നു.  ഓരോരുത്തരും അവരവര്‍ക്ക് വേണ്ടത്രയും ഓരോ കൊടിക്കുള്ളില്‍ വാങ്ങി പൊതിഞ്ഞു മടങ്ങിപ്പോയി.  ഇറച്ചിക്കഷണങ്ങള്‍ക്ക് ആകെയുള്ള പേര് ടി.പി.ചന്ദ്രശേഖരന്‍.
ഇറച്ചിവെട്ടുകാരന്റെ തടിപ്പുറത്ത് ആരും കൊണ്ടു പോകാതെ കിടന്ന ഒരു മനസ്സും കുറെ ഓര്‍മ്മകളുമുണ്ടായിരുന്നു.  ഭാര്യയും മകനും അതെടുത്തു കൊണ്ട് പോയി.  സ്‌നേഹം കൊണ്ടുണ്ടാക്കിയ ഒരു പെട്ടിക്കകത്ത് ഭദ്രമായി വച്ചു.  അവര്‍ക്കായി എന്നെന്നേക്കും ബാക്കിയുള്ളത്.  ഹൃദയങ്ങളില്‍ നിലാവെളിച്ചം അവശേഷിക്കുന്ന കുറേപ്പേര്‍ അയാളുടെ വാക്കുകളെ, പ്രവൃത്തികളെ ഓര്‍ത്തുവച്ചു, നാളത്തെ വീരചരിത്രത്തിന്റെ ഏടുകളാക്കാന്‍.
 കണ്ണുകളില്‍ നിന്ന് ടി.വി.യില്‍ കണ്ട നുറുക്കപ്പെട്ട മനുഷ്യന്റെ ദൃശ്യം മായ്ച്ചു കളയാന്‍ എത്ര ദിവസമാണ് വേണ്ടി വരികയെന്നോര്‍ത്ത് തളര്‍ന്നിരിക്കുന്നു ഞാന്‍.  ഒറ്റയ്ക്കല്ല, കേരളമാകെ അതൊന്ന് മാഞ്ഞു കിട്ടാന്‍ കാത്തിരിക്കുകയാണ്.  പതുക്കെ പതുക്കെ അതങ്ങ് മറഞ്ഞു പോകും, മറന്നു പോകും.  പിന്നെ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പോ, ഗണേശന്റെ മന്ത്രിസ്ഥാനമോ മറ്റു നൂറുനൂറു വിഷയങ്ങള്‍ കടന്നെത്തും.  നമ്മളിക്കാലം വരെ നിലനിന്നു പോയത് അങ്ങനെയാണ്.  കശ്മീര്‍,അസം, മണിപ്പൂര്‍,  മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഇപ്പോള്‍ ഒഡീഷ മേഖലയും - മനുഷ്യക്കുരുതികളുടെ പാപത്തറകളിലെ രക്തം കാണുമ്പോള്‍ ഉള്ള് ആശ്വസിക്കും, നമുക്കില്ലല്ലോ കൊലമനസ്സുകള്‍, നമുക്ക് ഉറങ്ങാമല്ലോ സ്വസ്ഥമായി.
പക്ഷെ, തെറ്റിപ്പോകുന്നു, ഉള്‍ക്കിടിലങ്ങളില്‍ നടുങ്ങുന്നു കേരള മനസ്സും. ഉണ്ണാനാവാതെ ഉറങ്ങാനാവാതെ ,ചുറ്റുമുയരുന്ന കൊലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ കാത് പൊത്തി....കണ്ണുകളടച്ച്...
ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം, മനുഷ്യസ്‌നേഹത്തിന്റെ, മഹാകാരുണ്യത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍.  വടകര കൈനാട്ടിക്കടുത്ത് വള്ളിക്കാട്ട് എന്ന ഗ്രാമത്തിലെ ടി.പി. ചന്ദ്രശേഖരന്‍ 51 വെട്ടുകളേറ്റ് ഇറച്ചിക്കഷണങ്ങളായി പരിണമിക്കുന്നത് കണ്ടപ്പോള്‍, വായിച്ചപ്പോള്‍, മനുഷ്യത്വം, കാരുണ്യം, സ്‌നേഹം, വിശ്വാസം - പല വാക്കുകള്‍ക്കും അര്‍ത്ഥമില്ലാതായി പോയി.  ഇതിനു മുമ്പും ഇങ്ങനൊക്കെ - ഉണ്ട്, ഓരോ തവണയും ഒക്കെ മറന്ന് ഫീനിക്‌സിനെപ്പോലെ സമൂഹമനസ്സാക്ഷി മടങ്ങി വന്നിട്ടുമുണ്ട്.  കേരളത്തിന്റെ മണ്ണിലും മനസ്സിലും ആഴത്തില്‍ വേരോടിപ്പോയതാണ് രാഷ്ട്രീയം.  അതില്‍ നിന്ന് നന്മയുടെ മൂല്യങ്ങള്‍ ഇറങ്ങിപ്പോയിരിക്കുന്നു എന്ന് പഠിപ്പിക്കുന്നത് ഒരനുഭവമല്ല.  രാഷ്ട്രീയ വൈരത്തിന്റെ ജനിതക സ്വഭാവം, കൊല്ലും കൊലയുമാണെന്ന് വളരുന്ന തലമുറയോട് പറയാന്‍ ഞങ്ങള്‍ക്ക്, ഇവിടുത്തെ സ്ത്രീകള്‍ക്ക് വയ്യ.
ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ പറയുന്നു:
''കൊല്ലാനല്ലേ കഴിഞ്ഞുള്ളൂ, തോല്‍പ്പിക്കാനായില്ലല്ലോ.''
അതെ കൊലയിലൂടെ കൊല്ലാന്‍ മാത്രമേ കഴിയൂ, തോല്‍പ്പിക്കപ്പെടുന്നത് മരിച്ചവരല്ല, ജീവിച്ചിരിക്കുന്നവരാണ്.  നാമിനിയും ജീവിക്കേണ്ട ഈ നാട്, ഈ സമൂഹം വാസയോഗ്യമല്ലെന്ന തിരിച്ചറിവോടെ ജീവിക്കേണ്ടി വരുന്ന നമ്മളാണ് തോല്‍പ്പിക്കപ്പെടുന്നത്.
മരിച്ച വ്യക്തിയെക്കുറിച്ച്, അയാളുടെ നന്മകളെക്കുറിച്ച്, പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് - നമുക്കെല്ലാം അറിയുന്ന അക്കാര്യങ്ങള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്നത്, ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിരു കാണാത്ത അസഹിഷ്ണുതയും ക്രിമിനല്‍ മനോഭാവങ്ങളുമാണ്.
ഇങ്ങനെ പൈശാചികമായി കൊല ചെയ്യാന്‍ മാത്രം നിഷ്ഠൂരത ഇവിടുത്തെ മനുഷ്യന്റെ മനസ്സിലുണ്ടെങ്കില്‍, ഹിറ്റ്‌ലറും, പോള്‍പോട്ടും, ഇദി അമീനുമൊക്കെയാണ് നമ്മുടെ ചുറ്റുമുള്ളവരെങ്കില്‍, ഇതാരുടെ പരാജയം?
ഇവിടുത്തെ അമ്മയുടെ, സ്ത്രീയുടെ പരാജയം എന്ന് പറയാന്‍ മടി തോന്നുന്നില്ല.  കൊല ചെയ്യപ്പെട്ട ചന്ദ്രശേഖരനെക്കാള്‍, ഇവിടുത്തെ അമ്മമാരുടെ നെഞ്ചില്‍ കനലാവുന്നത് കൊല ചെയ്ത വരെക്കുറിച്ചുള്ള ചിന്തകളാണ്.  ന്യായീകരിക്കാനാവില്ലെങ്കിലും തീവ്രവാദികളുടെ, മാവോയിസ്റ്റുകളായ അക്രമികളുടെ അമ്മമാര്‍ക്ക് അവരെക്കുറിച്ചോര്‍ത്ത് വേണമെങ്കില്‍ അഭിമാനിക്കാം, സഹജീവികളുടെ നന്മയ്ക്കായി ആയുധമെടുക്കുന്നുവെന്ന്.
പക്ഷെ, ഇന്ന് കേരളത്തില്‍ അരങ്ങേറുന്ന കൊലപാതകങ്ങള്‍ക്ക്, വൈരം തീര്‍ക്കലുകള്‍ക്ക് ഏതമ്മയ്ക്കാണ് ന്യായീകരണം നല്‍കാനാവുക.  സ്വന്തം ഉദരത്തില്‍ ഇങ്ങനൊരു മകന്‍ പിറന്നു പോയല്ലോ എന്ന് പഴിക്കുകയല്ലാതെ ആ അമ്മമാര്‍ക്ക് മറ്റെന്താണ് പോംവഴി?  അവരുടെ കണ്ണുകളും നിറയുന്നുണ്ടാവും, കൊത്തി നുറുക്കപ്പെട്ട മനുഷ്യശരീരങ്ങള്‍ കാണുമ്പോള്‍, അത് ചെയ്തത് സ്വന്തം മകനാണെന്ന് അറിയുമ്പോഴും.
നമ്മുടെ രാഷ്ട്രീയത്തിന്, നമ്മുടെ സമൂഹത്തിന് ഒറ്റ മുഖമേയുള്ളൂ, ഒരു ഭാവവും ചിന്തയുമേയുള്ളൂ.  പുരുഷ ഭാവം, പുരുഷ മുഖം, പുരുഷ ചിന്ത.  കീഴടക്കാനും, വെട്ടിപ്പിടിക്കാനും, വെല്ലു വിളിക്കാനും, കൊല്ലാനും കൊല്ലിക്കാനുമൊക്കെ തയ്യാറുള്ള ആ മനോഭാവം ആണ് ഇത്തരത്തിലൊക്കെ ചെയ്തു കൂട്ടുന്നത്.  നമ്മുടെ സജീവ രാഷ്ട്രീയത്തിനും പൊതു ജീവിതത്തിനും തികച്ചും അന്യമാണ്, സ്ത്രീ ഭാവം, സ്ത്രീ മുഖം, സ്ത്രീ ചിന്ത.  50% സംവരണത്തിലൂടെയൊക്കെ അടച്ചു പൂട്ടിക്കിടന്ന വാതിലുകള്‍ തുറന്ന് സ്ത്രീകള്‍ കടന്നെത്തിയെങ്കിലും കാലാകാലങ്ങളായി നിലനില്‍ക്കുന്ന പുരുഷകാഴ്ച്ചപ്പാടുകളില്‍ ഒരു ചലനം പോലും ഉണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
പ്രപഞ്ചം സ്ത്രീ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത് സന്തുലനത്തിനാണ്.  എന്തിനും, ഏതിലും - നമ്മുടെ രാഷ്ട്രീയം സന്തുലിതമാകണമെങ്കില്‍ സ്ത്രീയുടെ മനസ്സ് കൂടി അവിടെ ഉണ്ടായേ പറ്റൂ.  ഇപ്പോള്‍ രാഷ്ട്രീയത്തിലുള്ള സ്ത്രീകള്‍ക്ക് മിക്കപ്പോഴും പുരുഷമനസ്സും നിലപാടുകളും സ്വീകരിക്കേണ്ടി വരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്.  സ്ത്രീക്ക് സ്വന്തമായ, അമ്മയുടെ കരുത്തായ മൂല്യങ്ങള്‍ കടുത്ത പുരുഷാധിപത്യത്തില്‍ ഞെരിഞ്ഞു പോകുന്നു.  വളരെ കുറച്ചു പേര്‍ക്കേ സ്ത്രീയായി നിന്ന് നിലപാടുകള്‍ വ്യക്തമാക്കാന്‍ കഴിയുന്നുള്ളൂ.
അക്രമത്തിന്റെ, കൊല്ലിന്റെ, കൊലയുടെ വഴികളിലേക്ക് , സ്‌നേഹത്തിന്റെ, കരുതലിന്റെ, പ്രതിപക്ഷ ബഹുമാനത്തിന്റെ ഒക്കെ മരുന്നുകളുമായി സ്ത്രീകള്‍ കടന്നെത്തേണ്ട കാലം കഴിഞ്ഞു.
കുറച്ചു നാള്‍ മുമ്പ് കൊടുങ്ങല്ലൂര്‍ ചോരക്കളമായപ്പോള്‍ അവിടുത്തെ 'അമ്മ' മാര്‍ ഉത്തരവാദിത്ത്വമേറ്റെടുത്തത് ഓര്‍മ്മ വയ്ക്കാം.  മറ്റൊരും പോംവഴിയുമില്ല ഈ പോര്‍ക്കളത്തില്‍.
അന്ധരാണ് മക്കള്‍, അമ്മമാര്‍ കണ്ണു കെട്ടിയിരിക്കുന്ന ഗാന്ധാരിമാര്‍ -
നമ്മള്‍ കണ്ണുകള്‍ കെട്ടി മാറിയിരുന്നാല്‍ നഷ്ടമാകുന്നത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കാണ് - ആകെ തകര്‍ത്ത് തരിപ്പണമാക്കുന്നതിന് മുമ്പ് കണ്ണുകളിലെ കെട്ടുകള്‍ അഴിച്ച് നമുക്ക് യുദ്ധരംഗത്തേക്ക് കടന്നു ചെല്ലാം.  വടിവാളുകളും ബോംബുകളും പിടിച്ചെടുത്ത് നെല്‍ക്കറ്റകളും പണിയായുധങ്ങളും നല്‍കാം.  അടുക്കളകളില്‍ രാപകലുകള്‍ സ്വന്തമില്ലാതെ നമ്മള്‍ ഉണ്ടാക്കിക്കൊടുത്ത ആഹാരം കഴിച്ച് വളര്‍ന്ന മക്കളോട് ജീവിക്കാന്‍, സ്‌നേഹിക്കാന്‍ ക്രിയാത്മകമായ സമൂഹത്തെ ഇവിടെ സൃഷ്ടിക്കാന്‍ രാഷ്ട്രീയം സ്ത്രീ കാഴ്ച്ചപ്പാടിലേക്ക് മാറ്റിയെടുക്കാന്‍ നിര്‍ബ്ബന്ധിക്കാം. പോസിറ്റീവ് അതിജീവനം, ക്ഷമിക്കാനുള്ള കഴിവ്, ഉള്ളത് കൊണ്ട് ഓണം പോലെ കൂടാനുള്ള കഴിവ്, ഇങ്ങനെ എന്തെല്ലാമാണ് ആവശ്യമായിരിക്കുന്നത്.


കേരളത്തിന് എന്തു പറ്റി എന്ന് ഓരോ സംഭവത്തിലും ചോദിക്കേണ്ടി വരുന്നത് സ്ത്രീയില്ലാത്ത രാഷ്ട്രീയ - സമൂഹ സൃഷ്ടി കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട.  ബിവറേജസ് കോര്‍പ്പറേഷന്‍ കോടികള്‍ ലാഭമുണ്ടാക്കുമ്പോഴും നമ്മുടെ അടുക്കളകളില്‍ തീ പുകയുന്നത്, കുഞ്ഞുങ്ങള്‍ പഠിക്കുന്നതും വളരുന്നതുമൊക്കെ മാറ്റി നിര്‍ത്തപ്പെടുന്ന ഈ സ്ത്രീ കരുത്തു കൊണ്ടാണ്.   കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളുമൊക്കെ സ്ത്രീയുടെ സാന്നിദ്ധ്യം പൊതുജീവിത്തില്‍ എങ്ങനെയാണ് പ്രതിഫലിപ്പിച്ചത് എന്ന് നാം കണ്ടു.  ഇനി നമുക്ക് ഭരണത്തിന്റെയും, അധികാരത്തിന്റെയും ഇടങ്ങളിലേക്ക് കൂടി പരീക്ഷിച്ചു  നോക്കാം.  (പുരുഷ രാഷ്ട്രീയം കളിക്കുന്ന ജയലളിത, മമത, മായാവതി തുടങ്ങിയ പേരുകള്‍ ഉയര്‍ത്തി വാദിക്കാനെത്തുന്നവരെ ഞാന്‍ കാണുന്നുണ്ട്).പുരുഷ നിലപാടുകള്‍ തത്തമ്മേ പൂച്ച എന്നു പറയുന്ന സ്ത്രീ രാഷ്ട്രീയമല്ല, പൂര്‍ണ്ണമായും സ്ത്രീ കേന്ദ്രീകൃതമായ നിലപാടുകള്‍ സ്വീകരിക്കാനാവുന്ന ഒരു കാഴ്ച്ചപ്പാടിലേക്ക് രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും കൊണ്ടു വരാം.
ഒരു പരീക്ഷണത്തിനെങ്കിലും പുരുഷന്മാര്‍ കുറച്ചുകാലം  സ്ത്രീകളെ രാഷ്ട്രീയം ഏല്‍പ്പിക്കുക. സ്ത്രീകള്‍  അവരുടെ അമ്മ മനസ്സുകള്‍ കൊണ്ട് മാത്രം  കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക..കുടുംബം മുന്നോട്ടു കൊണ്ടു പോകാന്‍ അവര്‍ നല്‍കിവരുന്ന സഹനവും ക്ഷമയും കരുതലുമൊക്കൊ സമൂഹത്തിലേക്കുമെത്തിക്കുക.


എന്നിട്ടും തുന്നിച്ചേര്‍ക്കാനാവാത്ത വിധം മുഖങ്ങളില്‍ വെട്ടേറ്റ്  മനുഷ്യജീവികള്‍ വകവരുത്തപ്പെടുന്നുവെങ്കില്‍, അക്രമവും അധികാര പ്രവണതയും അവസാനിക്കുന്നില്ലെങ്കില്‍ നമുക്കീ നാട്ടിലെ മനോരോഗ വിദഗ്ധരെ മുഴുവന്‍ വിളിചു കൂട്ടി ചികിത്സ നിര്‍ദ്ദേശിക്കാന്‍ പറയാം.  ഒരു ഇറച്ചിവെട്ടുശാലയായി കേരളം പരിണമിക്കാതിരിക്കാന്‍ നമ്മള്‍ എന്തെങ്കിലും ഒക്കെ ചെയ്യേണ്ടേ?


ഇത് എഴുതി നിര്‍ത്തി ടി വി ഒന്നു കാണാന്‍ പോയി..ആലപ്പുഴയില്‍ പത്താം കളാസ്സുകാരന്‍  സ്‌കൂളിനുള്ളില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ ...


..കണ്ണേ മടങ്ങുക..മനസ്സേ മറക്കുക..മനുഷ്യത്വമേ മരവിക്കുക...


അകക്കാഴ്ച-മാതൃഭൂമി online ലെ കോളത്തില്‍ പ്രസിദ്ധീകരിച്ചത്.
-------------------------------------------------------------------------------------------------------










































2012, മേയ് 8, ചൊവ്വാഴ്ച

ടി.വി.അച്യുതവാര്യര്‍

ടി.വി.അച്യുതവാര്യര്‍

പിറ്റേന്നത്തെ പത്രത്തിലേക്ക് വാര്‍ത്ത തയ്യാറാക്കിക്കഴിഞ്ഞു. ഇനി ‘മനുഷ്യന്‍ ചന്ദ്രനിലിറങ്ങി’ എന്നുറപ്പാക്കുന്ന കൃത്യമായ വാര്‍ത്തയും ഇറങ്ങിയ സമയവും മാത്രം അറിയണം. പി.ടി.ഐ. ടെലിപ്രിന്ററിനു മുകളില്‍ കൈവച്ച് ഇരിക്കുകയാണ് ആ ന്യൂസ് എഡിറ്റര്‍. ഉറക്കം തൂങ്ങുന്നുമുണ്ട്. ലോകം മുഴുവനുള്ള മാധ്യമപ്രവര്‍ത്തകര്‍ ടെലിപ്രിന്റര്‍ ഫ്‌ളാഷിന്റെ മണിയടിയൊച്ചയ്ക്ക് കാതോര്‍ത്തിരിക്കുമ്പോള്‍ തൃശൂര്‍ എക്‌സ്പ്രസില്‍ ടി.വി. അച്യുതവാര്യര്‍ ടെലിപ്രന്ററിന് മുകളില്‍ നിന്ന് കൈ മാറ്റാത്തതിന്റെ കാരണം അദ്ദേഹത്തിന് ആ മണിയടിയൊച്ച കേള്‍ക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല എന്നതായിരുന്നു. ബധിരതയെ അതിജീവിക്കാന്‍ വാര്യര്‍ കണ്ടുപിടിച്ച നിരവധി മാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു ‘ഫ്‌ളാഷ് ന്യൂസ്’ അടിക്കുന്ന സമയത്ത് ടെലിപ്രന്ററിലുണ്ടാകുന്ന വൈബ്രേഷന്‍ സ്പര്‍ശനത്തിലൂടെ അറിയുകയെന്നത്.
ശബ്ദങ്ങളില്ലാത്ത ലോകത്തുനിന്ന് പത്രപ്രവര്‍ത്തനമേഖലയില്‍ അസാധാരണപാടവം കാഴ്ചവെച്ച അച്യുതവാര്യര്‍, ആശയങ്ങളുടെയും ഭാഷയുടെയും മൂര്‍ച്ചയും തെളിമയും തീക്ഷ്ണതയും കൊണ്ട് മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്രപ്രവര്‍ത്തകനാണ്. പത്രം എന്നാല്‍ ഒരു ശരാശരി തൃശൂര്‍ക്കാരനെ സംബന്ധിച്ചിടത്തോളം അര്‍ത്ഥം എക്‌സ്പ്രസ് എന്നൊരു കാലമുണ്ടായിരുന്നു. തൃശൂര്‍ എന്ന് ചുരുക്കിപ്പറയാതെ തൃശ്ശിവപേരൂര്‍ എന്ന് തലയുയര്‍ത്തിപ്പിടിച്ച് മുഴുവന്‍ പേരും പറയുന്ന ആ പത്രം തൃശൂര്‍ക്കാരന്റെ ആത്മാഭിമാനത്തിന്റെ ഭാഗമായിരുന്നു. പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെ അന്തസ്സും മഹത്വവും അവസാനശ്വാസം വരെ ഉയര്‍ത്തിപ്പിടിച്ച വി.കരുണാകരന്‍ നമ്പ്യാരായിരുന്നു എക്‌സ്പ്രസിനെ തലയെടുപ്പോടെ നയിച്ചുപോന്നിരുന്നത്. പത്രമുത്തശ്ശിമാര്‍ ജില്ലകള്‍തോറും എഡിഷനുകള്‍ പുറത്തിറക്കിയ കാലത്തുപോലും സാംസ്‌കാരിക തലസ്ഥാനം കൂടിയായ തൃശൂരിലേക്ക് കടക്കാന്‍ ഒന്നു മടിച്ചു. കാരണം വെറുമൊരു പത്രമെന്നതിലുമപ്പുറം എക്‌സ്പ്രസ് തൃശ്ശിവപേരൂരിന്റെ വികാരമോ ജീവശ്വാസമോ ആയിരുന്നു. എക്‌സ്പ്രസ് പത്രം ഒന്നോടിച്ചു നോക്കുകയെങ്കിലും ചെയ്യാതെ തൃശൂരിന്റെ ജീവിതതാളം പൂര്‍ണ്ണമാകുമായിരുന്നില്ല എന്നതാണ് നേര്. എക്‌സ്പ്രസിന്റെ ആ വലിയ പാരമ്പര്യത്തിന്റെ അവശേഷിക്കുന്ന കണ്ണിയായി അച്യുതവാര്യര്‍ എന്ന വന്ദ്യവയോധികനായ പത്രപ്രവര്‍ത്തകന്‍ എങ്ങനെയൊക്കെയോ ജീവിച്ചു പോകുന്നു.
തൃശൂര്‍ എക്‌സ്പ്രസ് പത്രത്തില്‍ വര്‍ഷങ്ങളോളം അരങ്ങേറിയിരുന്ന ഒരു രംഗമുണ്ട്.
പത്രാധിപര്‍ കരുണാകരന്‍ നമ്പ്യാര്‍ ഒന്നുരണ്ട് ഖണ്ഡിക എഴുതിയ ഒരു കടലാസ് അച്യുതവാര്യര്‍ക്ക് നേരെ നീട്ടും. എന്നിട്ടു പറയും “വാര്യരേ, ഇതൊന്നു പൂര്‍ത്തിയാക്കൂ.”
പിറ്റേന്നത്തെ പത്രത്തിലെ എഡിറ്റോറിയലിന്റെ ആദ്യപകുതിയാണ് ആ പാരഗ്രാഫുകള്‍. ബാക്കിയെഴുതി പൂര്‍ത്തിയാക്കി വാര്യര്‍ കരുണാകരന്‍നമ്പ്യാര്‍ക്ക് മടക്കി നല്‍കുന്നു. വായിച്ച് തൃപ്തനായി നമ്പ്യാര്‍ തോളില്‍ തട്ടി അഭിനന്ദിക്കുന്നു.
“ഭേഷ്” - നമ്പ്യാരുടെ ഭാഷാശൈലിയിലും ആശയാവിഷ്‌കരണ സമ്പ്രദായത്തിലും നിന്ന് അണുകിട വ്യതിചലിക്കാതെയാണ് വാര്യര്‍ ആ മുഖപ്രസംഗം ഓജസ്സൊട്ടും ചോര്‍ന്നുപോകാതെ പരിസമാപ്തിയിലെത്തിക്കുന്നത്. അച്യുതവാര്യര്‍ ബധിരനായി പത്രപ്രവര്‍ത്തനരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചതുപോലെതന്നെ അപൂര്‍വ്വമായ ഒന്നായിരുന്നു ഒരു പത്രത്തിന്റെ എഡിറ്റോറിയല്‍ രണ്ടുപേര്‍ എഴുതി പൂര്‍ത്തിയാക്കുകയെന്നതും.
യൗവനാരംഭത്തില്‍ തന്നെ ശബ്ദങ്ങള്‍ വാര്യരുടെ ലോകത്തുനിന്ന് വിടവാങ്ങിക്കഴിഞ്ഞിരുന്നു. മഹാമൗനത്തിന്റെ അടിത്തട്ടിലേക്ക് അദ്ദേഹം വലിച്ചെറിയപ്പെട്ടത് തൃശൂര്‍ എക്‌സ്പ്രസില്‍ പണിയെടുക്കുമ്പോഴാണ്.
“ചികിത്സകള്‍ ഏറെ ചെയ്തു. മദ്രാസ്, വെല്ലൂര്‍ ഒക്കെ പോയി. ഒരു ഫലവുമുണ്ടായില്ല. എന്തു ചെയ്യുമെന്നോര്‍ത്ത് അന്തിച്ചിരിക്കുമ്പോഴാണ് തൃശൂര്‍ എക്‌സ്പ്രസ്സിന്റെ ഉടമ കൃഷ്ണയ്യര്‍ വീണ്ടും ഓഫീസിലേക്ക് വിളിപ്പിച്ചത്.
“ചെവി കേള്‍ക്കാതെ പത്രപ്രവര്‍ത്തനരംഗത്ത് തുടരാന്‍ തനിക്ക് ധൈര്യമുണ്ടോ?”
“ഉണ്ട്” എന്ന് മറുപടി പറഞ്ഞു.
“എന്നാല്‍, മടങ്ങിവന്ന് ജോലിയില്‍ തുടര്‍ന്നോളൂ.” എന്നായി കൃഷ്ണയ്യര്‍.
അങ്ങനെയാണ് വാര്യര്‍ ആ അദ്ധ്യായം ആരംഭിച്ചത്.
‘പ്രൂഫ് റീഡിംഗ് മുതല്‍ എഡിറ്റോറിയല്‍ വരെയുള്ള സര്‍വ്വമേഖലകളിലും ഞാന്‍ ശബ്ദങ്ങളില്ലാതെ പയറ്റിയിട്ടുണ്ട്. പലപ്പോഴും പല മേഖലകളിലും ‘മിടുക്ക്’തെളിയിക്കാനുമായി. അതിനെന്നെ സഹായിച്ചത് ബധിരതയാണ്. ശബ്ദത്തിന്റെ ശല്യമില്ലാത്തതിനാല്‍ എനിക്ക് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നത് എളുപ്പമായിരുന്നു. തൃശൂര്‍ പൂരത്തിന്റെ ഒത്ത നടുക്കിരുന്നും എഡിറ്റോറിയല്‍ എഴുതാന്‍ പറ്റും. ലൈനില്‍ കറന്റ് പോവുമ്പോള്‍ ജനറേറ്റര്‍ രാക്ഷസന്‍ അലറിത്തുടങ്ങും. മറ്റുള്ളവര്‍ ശബ്ദശല്യംകൊണ്ട് എഴുന്നേറ്റു പോവും. ഞാനാവട്ടെ പഴയതുപോലെ ജോലി തുടരും. അതുപോലെ ഓഫീസിലെ തിരക്കുകളൊന്നും എന്നെ ബാധിക്കില്ലായിരുന്നു. ശബ്ദങ്ങള്‍ ഇല്ലാത്തതിനാല്‍ എപ്പോഴും ശ്രദ്ധ ജോലിയില്‍ തന്നെയായിരുന്നു.
അച്യുതവാര്യര്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചത് എക്‌സ്പ്രസില്‍ തന്നെയായിരുന്നു. 1953-ല്‍ കോളേജില്‍ നിന്ന് നേരിട്ട് എക്‌സ്പ്രസ്സില്‍ ചേര്‍ന്നു.
“അന്ന് എ.പി.നമ്പ്യാരായിരുന്നു പത്രാധിപര്‍. അക്കാലത്ത് തന്നെ എക്‌സ്പ്രസ് പല കാര്യങ്ങളിലും മറ്റു പത്രങ്ങളേക്കാള്‍ മുന്നിലായിരുന്നു. അന്നുതന്നെ അവിടെ പ്രോവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പഴയ കൊച്ചി പ്രദേശത്ത് പി.ടി.ഐ ടെലിപ്രിന്റര്‍ ആദ്യമായി വാങ്ങിയത് എക്‌സ്പ്രസ് ആയിരുന്നു എന്നു തോന്നുന്നു. 100 രൂപയോ മറ്റോ വാടക കൊടുക്കണം, എന്നിട്ടും എക്‌സ്പ്രസ് പി.ടി.ഐ കണക്ഷന്‍ എടുത്തു”.
ആര്‍.എം. മനക്കലാത്ത് എഡിറ്ററായിരിക്കെ സ്വരച്ചേര്‍ച്ചയില്ലായ്മമൂലം എക്‌സ്പ്രസ്സില്‍ നിന്നു വിട്ട് കുറച്ചുകാലം സാമൂഹിക പ്രവര്‍ത്തനവുമായി നടന്നു.
“1955-ലായിരുന്നു അത്. രണ്ടുകൊല്ലം നാടു നന്നാക്കാനായി നടന്നു. ഗ്രാമീണ വായനശാല, കൂട്ടുകൃഷിപ്രസ്ഥാനം, വയോജനവിദ്യാഭ്യാസം അങ്ങനെ നടന്നു. അപ്പോഴാണ് 1957-ലെ ഇ.എം.എസ്
മന്ത്രിസഭ ഭൂപരിഷ്‌കരണം കൊണ്ടുവരുന്നത്. നിയമം വരുന്നുവെന്ന് കേട്ടപ്പോഴേ കുടിയാന്മാര്‍ പാട്ടം തരുന്നത് നിര്‍ത്തി. അമ്പലത്തിലെ ‘കഴകവൃത്തി’ക്ക് കിട്ടുന്ന ഒരു ക്വിന്റല്‍ നെല്ലും പാട്ടമായി കിട്ടുന്ന മൂന്ന് ക്വിന്റല്‍ നെല്ലുമായിരുന്നു ഞങ്ങളുടെ വാര്‍ഷികവരുമാനം. ഒരു നമ്പൂതിരികുടുംബം വകയായിരുന്നു ക്ഷേത്രം. പാട്ടം വരുമാനം ഇല്ലാതായപ്പോള്‍ അവര്‍ ക്ഷേത്രം ഉപേക്ഷിച്ചു. അങ്ങനെ ഞങ്ങള്‍ക്ക് പാട്ടം വരുമാനവും ക്ഷേത്രം വരുമാനവും ഇല്ലാതായി. ഞങ്ങളും അമ്പലവും തനിച്ചായി. ‘പട്ടിണി’ എന്നു പറഞ്ഞാല്‍ ചിത്രം പൂര്‍ണ്ണമായി. എറണാകുളത്ത് ദീനബന്ധുവിന് ഒരു സബ് എഡിറ്ററെ ആവശ്യമുണ്ടെന്നറിഞ്ഞത് അപ്പോഴാണ്. നേരെ പോയി എറണാകുളം ദീനബന്ധു ഓഫീസിലേക്ക്.
പി.വി.തമ്പിയായിരുന്നു ദീനബന്ധുവിന്റെ മാനേജര്‍. അദ്ദേഹം എന്തെല്ലാമോ ചോദിച്ചു. എന്റെ രാഷ്ട്രീയം അറിയാനാവണം ഗുരുക്കന്മാരെപ്പറ്റി ചോദിച്ചു. ഞാന്‍ ആവേശത്തോടെ പറഞ്ഞു. എം.ഗോവിന്ദന്‍, സി.ജെ.തോമസ്........
തൊട്ടടുത്തിരുന്ന് ചിത്രം വരയ്ക്കുന്ന ആളെ ചൂണ്ടി തമ്പി ചോദിച്ചു:
“ഇദ്ദേഹത്തെ അറിയുമോ?”
‘ഇല്ല’ എന്ന് ഞാനുത്തരം പറഞ്ഞു.
എല്ലാവരും പൊട്ടിച്ചിരിച്ചു.
സി.ജെ.തോമസായിരുന്നു അത്. എം.ഗോവിന്ദന് ഒന്നുരണ്ട് കത്തെഴുതിയ പരിചയം എനിക്കുണ്ടായിരുന്നു. സി.ജെ.തോമസിനോട് അതുമില്ലായിരുന്നു. ഏതായാലും എന്റെ ബഡായി കുഴപ്പമൊന്നും ഉണ്ടാക്കിയില്ല. അടുത്തയാഴ്ച തന്നെ ദീനബന്ധുവില്‍ ചേരാനായി. എ.പി.ഉദയഭാനു, വെട്ടൂര്‍ രാമന്‍നായര്‍, സി.ജെ.തോമസ് തുടങ്ങിയവരായിരുന്നു അന്ന് ദീനബന്ധുവില്‍ ഉണ്ടായിരുന്നത്. ദീനബന്ധുവില്‍ വച്ച് എനിക്ക് ആത്മവിശ്വാസവും ആത്മബലവും ഉണ്ടാക്കിയ ഒരു അനുഭവമുണ്ടായി. ഒരാഴ്ച തനിയെ പത്രം ഇറക്കുക എന്ന അപൂര്‍വ്വാനുഭവം. വിമോചന സമരം കഴിഞ്ഞു നടക്കുന്ന 1960-ലെ നിയമസഭാതിരഞ്ഞെടുപ്പിന്റെ സമയമായിരുന്നു അത്. പോളിംഗ് ദിവസം വോട്ടു രേഖപ്പെടുത്തി ഞാന്‍ ഓഫീസിലെത്തി. ഒരു പ്രൂഫ് റീഡര്‍ മാത്രമേ ഓഫീസിലുള്ളൂ. എഡിറ്റര്‍ ഉദയഭാനു തെരഞ്ഞെടുപ്പ് ബഹളമായതിനാല്‍ ഓഫീസിലില്ല. മറ്റുള്ളവരെയൊന്നും കാണാനില്ല. ഫോണിലൂടെ വരുന്നതൊക്കെ എഴുതിയെടുത്തു തരാന്‍ പ്രൂഫ് റീഡറെ ശട്ടം കെട്ടിയിട്ടുണ്ടെന്നു പറഞ്ഞു. എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നി. അന്വേഷിക്കാന്‍ നേരമില്ല. പണികളെല്ലാം ഞാന്‍ ഒറ്റയ്ക്കു ചെയ്യേണ്ട അവസ്ഥ. ലോക്കല്‍ വാര്‍ത്തകള്‍ എഡിറ്റ് ചെയ്യല്‍, ഇംഗ്ലീഷ് (ടെലിപ്രിന്റര്‍) വാര്‍ത്തകള്‍ തര്‍ജ്ജമ ചെയ്യല്‍, ഫോണിലൂടെ വരുന്ന വാര്‍ത്തകള്‍ എഡിറ്റ് ചെയ്യല്‍, ന്യൂസ് സെലക്ഷന്‍, ലേ ഔട്ട് നോക്കല്‍- എല്ലാം ഞാന്‍ ഒറ്റയ്ക്ക് ചെയ്തു. ഒരു ദിവസമല്ല, ഒരാഴ്ചയോളം തന്നെ. രാവിലെ ഒമ്പതു മണിക്ക് ഓഫീസിലെത്തും. രാത്രി രണ്ടു മണി കഴിയും മടങ്ങാന്‍ ഒറ്റയ്ക്ക് പത്രം നടത്തിയ ഒരാഴ്ച എനിക്ക് പത്രപ്രവര്‍ത്തനരംഗത്ത് പിടിച്ചു നില്‍ക്കാന്‍ ശേഷിയുണ്ടെന്ന ആത്മവിശ്വാസം ഉണ്ടാക്കിത്തന്നു. തന്റേടത്തോടെ ഈ മേഖലയില്‍ പയറ്റാമെന്ന് ഉറപ്പു നല്‍കിയത് ആ അനുഭവമായിരുന്നു.
തോല്‍ക്കരുത് എന്ന് എന്നും എനിക്ക് നിര്‍ബന്ധമായിരുന്നു. ഏതു കാര്യം ചെയ്യുമ്പോഴും തോല്‍ക്കരുതെന്ന വാശിയാണ് എന്നെ നയിച്ചിരുന്നത്. പല കാരണങ്ങളാല്‍ ദീനബന്ധു പ്രശ്‌നത്തിലായി. അച്യുതവാര്യര്‍ എക്‌സ്പ്രസിലെത്തി. 1970 വരെ സബ് എഡിറ്ററായിരുന്നു. “അക്കാലത്ത് എക്‌സ്പ്രസില്‍ 
ഉടമസ്ഥന്റെ പേരാണ് എഡിറ്ററുടെ സ്ഥാനത്തു വച്ചിരുന്നത്. കെ.കരുണാകരന്‍നമ്പ്യാര്‍ അസി. എഡിറ്റര്‍ എന്ന ലേബലില്‍ കാര്യങ്ങള്‍ നോക്കിപ്പോന്നു. ഒരു വാക്കിംഗ് എന്‍സൈക്ലോപീഡിയ ആയിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവുള്ള ആള്‍. പുസ്തകങ്ങള്‍ ഒന്നും റഫര്‍ ചെയ്യാതെതന്നെ എന്തുമെഴുതും. ഉറച്ച ഒരു സോഷ്യലിസ്റ്റ് കൂടിയായിരുന്നു കരുണാകരന്‍ നമ്പ്യാര്‍. ആദര്‍ശപരമായി ഞങ്ങളുടെ വീക്ഷണങ്ങള്‍ ഒത്തുപോകുന്നതായിരുന്നു. എഡിറ്റോറിയല്‍ പകുതി വീതം എഴുതാന്‍ ഞങ്ങള്‍ക്ക് സാധിച്ചത് ഇതിനാലാണ്. സാധാരണക്കാര്‍ സംസാരിക്കുന്ന ഭാഷയിലാണ് എഡിറ്റോറിയല്‍ എഴുതിയിരുന്നത്. എക്‌സ്പ്രസിന്റെ ഓരോ മുഖപ്രസംഗവും അനീതിക്കെതിരായ ചാട്ടവാര്‍ പ്രയോഗങ്ങളായിരുന്നു. ഏതു വിഷയത്തെപ്പറ്റി മുഖപ്രസംഗം എഴുതുമ്പോഴും അത് അഗാധമായി പഠിക്കുന്നതായിരുന്നു രീതി. എക്‌സ്പ്രസില്‍ വലിയ ഒരു ലൈബ്രറിയുണ്ടായിരുന്നു. എന്‍സൈക്ലോപീഡിയകളും ചരിത്രപുസ്തകങ്ങളുമൊക്കെയായി ഒരുഗ്രന്‍ ലൈബ്രറി. ഇവയിലൂടെ മുങ്ങിത്തപ്പി പരമാവധി വിവരങ്ങള്‍ സംഘടിപ്പിച്ചാണ് ഓരോന്നും എഴുതിയിരുന്നത്. എക്‌സ്പ്രസ് പത്രത്തിന്റെ ആത്മാവ് അതിന്റെ എഡിറ്റോറിയലുകളായിരുന്നു.”
ആഴത്തിലുള്ള വായന അച്യുതവാര്യരുടെ പ്രത്യേകതയായിരുന്നു. പുസ്തകങ്ങള്‍ക്കൊപ്പം വിസ്തരിച്ചുള്ള പത്രവായനയും അദ്ദേഹത്തെ പത്രപ്രവര്‍ത്തനത്തില്‍ പ്രാഗല്ഭ്യം തെളിയിക്കുന്നതിന് സഹായിച്ചു.
“രാവിലെ 9 മണിക്ക് ഓഫീസില്‍ വന്നാല്‍ ഒരു മണിവരെ പത്രങ്ങള്‍ വായിക്കും. കോട്ടയത്ത് ഒരു കള്ളക്കടത്ത് പിടികൂടി എന്നു വയ്ക്കുക. അതിനെ സംബന്ധിച്ച് ഒരു ഡസനോളം പത്രങ്ങളില്‍ വരുന്നത് വായിക്കും. പല പത്രങ്ങളിലെ വാര്‍ത്തകളില്‍ നിന്നാണ് ഒരു വാര്‍ത്തയുടെ മര്‍മ്മം പിടികിട്ടുക. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാലേ ഒരു നല്ല പത്രപ്രവര്‍ത്തകനാകാനാവൂ എന്ന് എനിക്കുറപ്പാണ്. ശമ്പളത്തിനു വേണ്ടി ചെയ്യാവുന്ന ഒരു പണിയല്ല ഇത്- എനിക്ക് എന്റെ ആദര്‍ശങ്ങളുടെയും ആവേശത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രവര്‍ത്തനരംഗമായിരുന്നു. അറിയാത്തതെന്തും പഠിച്ച് പ്രാവീണ്യം ഉണ്ടാക്കുക എന്ന വാശി ഞാനെന്നും പുലര്‍ത്തിപ്പോന്നു. 1975 വരെ ‘പരിസ്ഥിതി’യും ‘പരിത:സ്ഥിതി’യും തമ്മിലുള്ള വ്യത്യാസം അറിയാതിരുന്ന ഞാന്‍ ഏതാണ്ടൊരുകൊല്ലം തപസ്യപോലെ പഠിച്ച് പരിസ്ഥിതിമേഖലയെക്കുറിച്ച് ഏതു വിഷയവും കൈകാര്യം ചെയ്യാവുന്ന നിലയിലെത്തി. വായിച്ചുകൂട്ടിയ പുസ്തകങ്ങള്‍ക്ക് കൈയും കണക്കുമില്ല. സൈലന്റ്‌വാലിയെക്കുറിച്ച് അരഡസനോളം മുഖപ്രസംഗങ്ങള്‍ വരെ ഞാനെഴുതി. സൈലന്റ്‌വാലിയെ രക്ഷിക്കാന്‍ എക്‌സ്പ്രസ് നിരന്തര പോരാട്ടം തന്നെ നടത്തി. ഈ പോരാട്ടങ്ങള്‍ക്കുവേണ്ടി ധാരാളം പഠിക്കേണ്ടിവന്നു. ജീവിക്കാന്‍ പോലും ശമ്പളം കിട്ടാത്ത കാലത്ത് പോക്കറ്റില്‍ നിന്ന് പണം ചെലവാക്കി പരിസ്ഥിതിപുസ്തകങ്ങള്‍ വാങ്ങിവായിച്ച് പഠിച്ചതോര്‍ക്കുമ്പോള്‍ ഇന്ന് അത്ഭുതം തോന്നുന്നു. സ്‌പോര്‍ട്‌സിനെക്കുറിച്ച് പഠിക്കാനും ഇതേപോലെ അദ്ധ്വാനിച്ചിട്ടുണ്ട്. കളികളെക്കുറിച്ച് ഒരു പരിചയവുമില്ലാതിരുന്ന ഞാന്‍ 12 കൊല്ലം സ്‌പോര്‍ട്‌സ് എഡിറ്ററായി ജോലിയെടുത്തു. മൂന്ന് ഒളിമ്പിക്‌സും ഇക്കാലത്ത് നടന്നു. ഒക്കെ മികവുറ്റ രീതിയില്‍ തന്നെ നല്‍കാനായി എന്നതാണ് വാസ്തവം.”
എക്‌സ്പ്രസില്‍ നല്‍കിയിരുന്ന സ്വാതന്ത്ര്യം പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പല തരത്തിലും സഹായിച്ചുവെന്ന് അച്യുതവാര്യര്‍ പറയുന്നു. 1980-ല്‍ കരുണാകരന്‍ നമ്പ്യാര്‍ മരിച്ചു. അച്യുതവാര്യര്‍ എഡിറ്റോറിയല്‍ ചുമതല പൂര്‍ണ്ണമായി ഏറ്റു. 1993 വരെ അവിടെ തുടര്‍ന്നു. 1993-ല്‍ സുബ്രഹ്മണ്യംസ്വാമി എക്‌സ്പ്രസ് വാങ്ങിയപ്പോള്‍ സ്ഥിതിഗതികളുമായി പൊരുത്തപ്പെടാനാവാതെ അച്യുതവാര്യര്‍ വിട്ടുപോന്നു.
“എക്‌സ്പ്രസ് വായിക്കാതെ ഉറക്കം വരാത്ത ആളുകള്‍ ഉണ്ടായിരുന്ന പാരമ്പര്യമാണ് പത്രത്തിനുണ്ടായിരുന്നത്. എന്നാല്‍, എണ്‍പതുകളില്‍ പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന്‍ യുദ്ധമാരംഭിച്ചതോടെ എക്‌സ്പ്രസ്സിന് കഷ്ടകാലം തുടങ്ങി. അതുവരെ ആദര്‍ശം പത്രത്തിന് പ്രധാനമായിരുന്നു. പിന്നീട് വായനക്കാരെ പാട്ടിലാക്കുക എന്നതായി സ്ഥിതി. സുബ്രഹ്മണ്യസ്വാമിയുടെ നിയന്ത്രണത്തിലായതോടെ എക്‌സ്പ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. പത്രം തകര്‍ന്നു. ഒരു പത്രകൊലപാതകം തന്നെയായിരുന്നു അത്.”
എക്‌സ്പ്രസ് വിട്ട് അച്യുതവാര്യര്‍ ‘പുണ്യഭൂമി’യില്‍ ചേര്‍ന്നു.
“എഡിറ്റോറിയലില്‍ ഇടപെടില്ലെന്ന ഉറപ്പിലാണ് അവിടെ ചേര്‍ന്നത്. കുറച്ചു നാളേ ആ ഉറപ്പ് നിലനിന്നുള്ളൂ. നരേന്ദ്രമോഡിയുടെ തോന്ന്യാസങ്ങള്‍ക്കെതിരെ ഞാന്‍ രണ്ട് എഡിറ്റോറിയല്‍ എഴുതി. അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇറങ്ങിപ്പോന്നു.” .....

2012, മേയ് 1, ചൊവ്വാഴ്ച

വേസ്റ്റ് ലാന്റ്



വേസ്റ്റ് ലാന്റ്











ചില പുസ്തകങ്ങള്‍ക്ക് മുന്നില്‍ അത്ഭുതം കൊണ്ടു കണ്ണു ചിമ്മിയിരുന്നു പോവും.  ഇതെങ്ങനെ ഒരു മനുഷ്യന്‍ എഴുതി എന്ന് അമ്പരപ്പിക്കുന്ന സര്‍ഗ്ഗവൈഭവങ്ങള്‍.  ഓരോ വാക്കും വരിയും മറ്റേതോ ലോകത്തു നിന്ന് എത്തുന്ന  ഊര്‍ജ്ജ പ്രവാഹങ്ങളെന്ന് നിനച്ച് പോവുന്ന അനുഭവം.  


''വേസ്റ്റ് ലാന്റ്'' - എപ്പോള്‍ വായിച്ചാലും ഞാനീ അമ്പരപ്പില്‍പ്പെട്ടു പോകും. 
 1922-ല്‍ പ്രസിദ്ധീകരിച്ച ടി.എസ്.ഏലിയട്ടിന്റെ വേസ്റ്റ്‌ലാന്റ് ഇംഗ്ലീഷ് ഭാഷയിലുണ്ടായ ആധുനിക കൃതികളില്‍ അഗ്രഗണ്യമെന്ന് കാലാകാലങ്ങളായി വിലയിരുത്തപ്പെടുന്നു. എത്രയെത്ര പഠനങ്ങളാണ് ഈയൊരു പുസ്തകത്തെക്കുറിച്ച് പുറത്തു വന്നിട്ടുളളത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ഇരുട്ട് വീഴ്ത്തിയ മനസ്സുകളില്‍ നിറഞ്ഞു നിന്ന അരാജകത്വവും അനിശ്ചിതത്വവും നിരര്‍ത്ഥകതയുമൊക്കെ നിഴലിക്കുന്ന ''വേസ്റ്റ്‌ലാന്റ്'' ഭയാക്രാന്തമായ ഒരു കാലഘട്ടത്തിന്റെ വെളിപ്പാടുകള്‍ കൂടിയാണ്.  അസാധാരണവും അത്യപൂര്‍വ്വവുമായ ഒരു ലോകകാഴ്ചയാണ് ഈ കവിത.  ഇങ്ങനെയൊരു കവിത എങ്ങനെയെഴുതാന്‍ കഴിഞ്ഞു എന്ന അത്ഭുതം ഓരോ വായനയും എന്നിലുണര്‍ത്തിയിട്ടുണ്ട്.
ആസുരമായ ഒരു കാലത്തിന്റെ സ്പന്ദനങ്ങളില്‍ നിന്നുയരുന്ന ആകുലമായ ഓര്‍മ്മപ്പെടുത്തലുകള്‍ വേസ്റ്റ് ലാന്റ് നമുക്ക് തരുന്നു.  പേര് പോലെ തന്നെ ജീവിതത്തിന്റെ നിരര്‍ത്ഥകത കവിതയിലുടനീളമുണ്ട്.


മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും ചരിത്ര സംഭവങ്ങളും മറ്റു കൃതികളില്‍ നിന്നുളള വരികളും മറ്റു ഭാഷകളിലെ ഭാഗങ്ങളും ഒക്കെ ചേര്‍ത്ത് ഏലിയട്ട് ''വേസ്റ്റ് ലാന്റ്'' കടുപ്പപ്പെടുത്തിയിരിക്കുന്നു.  ''വേസ്റ്റ് ലാന്റി'' ലെ ഓരോ വരിയും വായിച്ചെടുക്കാന്‍ ഏലിയട്ട് തന്നെ അതിന്റെ ടിപ്പണിക്ക് ഒരു പുസ്തകം ഇറക്കി.




അഞ്ച് ഭാഗങ്ങളാണ് പുസ്തകത്തില്‍ ഉളളത്.   ആദ്യ ഭാഗമായ ''ദി ബറിയല്‍ ഓഫ് ദി ഡെഡ്'' (The Burial of the Dead) സ്വന്തം കുലത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെടുന്ന മനുഷ്യ അവസ്ഥയെക്കുറിച്ചാണ് പറയുന്നത്.  ഏകാന്തമായ ജീവിതാവസ്ഥകളുടെ ചിത്രീകരണമാണ് ഈ ഭാഗത്ത് കവി നടത്തുന്നത്.  രണ്ടാം ഭാഗം ''ദി ഗെയിം ഓഫ് ചെസ്'' (The Game of Chess) സാക്ഷാത്കരിക്കാത്ത കാമചോദനകളെക്കുറിച്ച് പറയുന്നു.  മൂന്നാമത്തെ ഭാഗത്തില്‍ ''ദി ഫയര്‍ സെര്‍മണ്‍'' (The Fire Sermon) സമകാലിക സമൂഹത്തെ ബാധിച്ചിരിക്കുന്ന ദുഷ്ടത, പുതിയൊരു പ്രതിഭാസമല്ലെന്ന് പറയുന്നു.  എന്നാല്‍ ആധുനിക ഭീകരതയുടെ വേരറുക്കുന്നത് അത്ര എളുപ്പമല്ല എന്ന് ഏലിയട്ട് സൂചിപ്പിക്കുന്നു.  അതിനുളള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് സമൂഹം കടന്നു പോകുന്ന മന്ദതയെയാണ്.''ഡെത്ത് ബൈ വാട്ടര്‍'' (Death By Water) എന്ന നാലാം ഭാഗം നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് മോചനം എങ്ങനെ സാധ്യമാക്കാം എന്ന് ചിന്തിക്കുന്നു.  അവസാന ഭാഗത്ത് ''വാട്ട് ദി തണ്ടര്‍ സെഡ്'' (What the Thunder said?) ഭയാനകമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ത്യാഗത്തിലൂടെയേ കഴിയൂ എന്ന് ഇന്ത്യന്‍ ഉപനിഷത്തുക്കളെ വഴിയാക്കി ഏലിയട്ട് സൂചിപ്പിക്കുന്നു. 


 യുദ്ധാനന്തര സമൂഹത്തിലുണ്ടായിരുന്ന നഷ്ടബോധത്തിന്റെയും നിരാശയുടെയും തീവ്രമായ സാന്നിദ്ധ്യം വേസ്റ്റ്‌ലാന്റിലുണ്ട്.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ച അവസ്ഥ - അത് വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഏലിയട്ട് എടുത്തു കാട്ടുന്നു.  യഥാര്‍ത്ഥ മരണവും മരിച്ചതു പോലെ ജീവിക്കലും തമ്മിലുളള താരതമ്യം കവിതയുടെ മാനം ഉയര്‍ത്തുന്നു.


തൈര്‍സിയാസ് എന്ന നപുംസകത്തിലൂടെയാണ് ഏലിയട്ട് കഥ പറയുന്നത്.  ദുര്‍ഗ്രാഹ്യമായ സന്ദര്‍ഭങ്ങളിലൂടെയാണ് കവിത നയിക്കുന്നത്.  തൈര്‍സിയസിന്റെ നപുംസകത്വം എല്ലാം അറിയാനും ഉള്‍ക്കൊളളാനും കഴിയുന്നൊരു തലം സൃഷ്ടിക്കുന്നു.  തൈര്‍സിയാസിന്റെ അന്ധത വേസ്റ്റ്‌ലാന്റില്‍ താമസിക്കുന്നവര്‍ക്ക് ജീവിതത്തിന്റെ വ്യര്‍ത്ഥത കാണാനുളള ശേഷിക്കുറവിനെ സൂചിപ്പിക്കുന്നു.  ആത്മീയ മരണത്തിലൂടെയും ആന്തരിക വറുതികളിലൂടെയും കടന്നു പോകുന്ന മനുഷ്യര്‍ ശീതകാലത്തിലെന്ന പോലെ അവനവന്റെ മരവിപ്പില്‍ ഒതുങ്ങിക്കൂടാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഏലിയട്ട് പറയുന്നു.


ചിതറിയ ചിത്രങ്ങളുടെ ഒരു കൂട്ടമായിട്ടും കുറേയേറെ കവിതകള്‍ ചേര്‍ന്ന ഒരു കവിതയായുമൊക്കെ ''വേസ്റ്റ് ലാന്റി'' നെക്കുറിച്ച് നിരുപകര്‍ വിലയിരുത്തിയിട്ടുണ്ട്.
ഏലിയട്ട് താന്‍ കടന്നു പോയ ''കഷ്ട'' കാലത്തിന്റെ കൃത്യമായൊരു ചിത്രം തരുന്നുണ്ട്.  കവിതയുടെ സാധ്യതകള്‍ക്കപ്പുറം ചെന്ന് നിന്ന് ഏലിയട്ട് പറയാന്‍ ശ്രമിച്ചതൊക്കെ  - ഓരോ വായനയിലും വേസ്റ്റ്‌ലാന്റ് ഉയര്‍ത്തുന്നത് വെല്ലുവിളിയാണ്.


ആധുനിക സമൂഹത്തിന്റെ ആന്തരികമായ തകര്‍ച്ചയ്‌ക്കൊപ്പം ഏലിയട്ട് വായനക്കാരന് മുന്നിലുയര്‍ത്തുന്നത് ആ അവസ്ഥയില്‍ നിന്നുളള മോചനത്തെക്കുറിച്ചുളള ചോദ്യങ്ങളും കൂടിയാണ്.
ഒരുപാട് കെട്ടുകഥകളും മിത്തുകളും ഇതില്‍ കാണാം.  സിമ്പോളിസമാണ് ഈ കവിതയുടെ മുഖമുദ്ര.    
ഇമേജുകളുടെ ധാരാളിത്തമാണ് മറ്റൊരു പ്രത്യേകത - വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ അവ ഉപയോഗിക്കുന്നതില്‍ ഏലിയട്ടിന് അനാദൃശമായ ഒരു പാടവം തന്നെയുണ്ട്.  മുക്കുവ രാജാവ്, ഹയാസിന്ത് പെണ്‍കുട്ടി, മാഡം സോസോസ്ട്രസ് തുടങ്ങി മിത്തുകളുടെയും ഇമേജുകളുടെയും ഘോഷയാത്ര തന്നെയുണ്ട്''വേസ്റ്റ് ലാന്റില്‍''.  ആധുനിക മനുഷ്യനെ സൂചിപ്പിക്കാന്‍ ഏലിയട്ട് മുക്കുവ രാജാവിനെയാണ് ഉപയോഗിച്ചിരിക്കുന്നത്.  മുക്കുവരാജാവിന്റെ ലൈംഗിക ശേഷിക്കുറവ്, ആധുനിക മനുഷ്യന്റെ നഷ്ടമായ ജീവിത ചൈതന്യവുമായി ചേര്‍ത്തു വയ്ക്കുന്നു.  ഭൗതികതയുടെ നിഷ്‌ക്രിയത്വത്തില്‍ ആത്മീയതയുടെ ശാദ്വലതകളിലേക്ക് മനുഷ്യരാശിയെ നയിക്കാനുളള മാര്‍ഗ്ഗങളായിരുന്നു ഏലിയട്ടിന്റെ അന്വേഷണം.  ഒടുവില്‍ ഇന്ത്യന്‍ ആത്മീയതയിലെ ദത്ത, ദയത്വം, ദമ്യത ഇവയിലാണ് ഏലിയട്ട് പ്രതീക്ഷയര്‍പ്പിക്കുന്നത്.  


ആത്യന്തികമായി മനുഷ്യ നന്മ വ്യക്തികളിലൂടെയാണ് സാധിതമാകേണ്ടതെന്ന ചിന്താഗതിയാണ് ഏലിയട്ടിനുണ്ടായിരുന്നത്.  കാവ്യമാര്‍ഗ്ഗത്തില്‍ സ്വീകരിച്ച നവീന രീതി, നൂതന സങ്കേതങ്ങളും, പാരമ്പര്യ നിക്ഷേധവും പരീക്ഷിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു.  ദുരൂഹത ''വേസ്റ്റ് ലാന്റി'' ന്റെ മുഖമുദ്രയായി ചര്‍ച്ച ചെയ്യപ്പെട്ടു.  മലയാളത്തില്‍ പ്രശസ്ത കവി അയ്യപ്പപണിക്കരുടെ ''കുരുക്ഷേത്രം'' ''വേസ്റ്റ്‌ലാന്റിനോട്'' ചേര്‍ത്തുവച്ച് വായിക്കപ്പെടാവുന്ന ഒരു കൃതിയാണ്.  
ലോകസാഹിത്യത്തിന്റെ അക്ഷയഖനിയില്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ''വേസ്റ്റ് ലാന്റ്'' നിലനില്‍ക്കുന്നു. 

2012, ഏപ്രില്‍ 17, ചൊവ്വാഴ്ച

പെണ്‍യാത്രകള്‍


പെണ്‍യാത്രകള്‍



കണക്കുപുസ്തകങ്ങളില്‍ പിശക് വരുക സ്വാഭാവികം.  ജീവിത കണക്കുപുസ്തകത്തിലും അങ്ങനെ തന്നെ.  എപ്പോഴും യാത്ര ചെയ്യണമെന്ന ഒരു മനസ്സുമായി സ്ത്രീ  ശരീരത്തിനുളളില്‍ (അതും കേരളത്തില്‍) ജീവിക്കേണ്ടി വന്നത് അത്തരമൊരു കണക്കു പുസ്തക തെറ്റ് ആകണമെന്ന് എത്ര വട്ടമാണ് ഞാന്‍ ഓര്‍ത്തിട്ടുളളത്.
യാത്രയും സ്ത്രീയും - രണ്ട് വൈരുദ്ധ്യങ്ങള്‍ തന്നെയാണവ.  എന്നിട്ടും യാത്ര ചെയ്തു കൊണ്ടേയിരിക്കാന്‍ കൊതിക്കുന്നവരാണ് ഒരുപാട് സ്ത്രീകള്‍.  ആകസ്മികമായൊന്നുമല്ല, യാത്രയുടെ ലോകത്ത് ഞാന്‍ എത്തിച്ചേര്‍ന്നത്. യാത്രയുടെ ലോകത്ത് ജനിച്ച് വീണ് അതിന്‌റെ   ആനന്ദങ്ങളും നൊമ്പരങ്ങളും അറിഞ്ഞ് വളര്‍ന്നതിനാലാകണം യാത്ര എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സമസ്തകോശങ്ങളും അസാധാരണമായൊരു ഊര്‍ജ്ജപ്രവാഹത്തില്‍ നിറയുന്നത്.
ലോകം മുഴുവന്‍ യാത്ര ചെയ്യുന്ന അചഛന്‍(മര്‍ച്ചന്‌റ് നേവിയിലായിരുന്നു അഛന് ജോലി.)  ഒരിക്കലും വീട് മാത്രമാണ് സ്ത്രീയുടെ ലോകം എന്ന് പഠിപ്പിച്ച് വളര്‍ത്താന്‍ തയ്യാറാകാത്തവര്‍ ആയിരുന്നു എന്‌റെ അച്ഛനമ്മമാര്‍.  യു.പി. സ്‌കൂള്‍ കാലം മുതല്‍ കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും മത്സരങ്ങളിലും വിവിധ കോഴ്‌സുകളിലുമൊക്കെ പങ്കെടുപ്പിച്ച് അസാധാരമായൊരു ബാല്യമാണ് അവര്‍ സമ്മാനിച്ചത്.  അവധിക്കാലങ്ങളും അവധി സമയങ്ങളും മുഴുവനായി തന്നെ വീടിന് പുറത്തായിരുന്നു എന്ന് ഇപ്പോഴോര്‍ക്കുമ്പോള്‍ തിരിച്ചറിയുന്നു.  ബാലവേദിയുടെ സംസ്ഥാന നേതാവായിക്കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്തിന് പുറത്തേക്കും നീണ്ടു യാത്രകള്‍.  ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ റഷ്യയിലേയ്ക്ക് പോകാന്‍ കഴിഞ്ഞതും മറ്റൊരു യാത്രാ ഭാഗ്യം. 
 ലോകം ചുറ്റുന്ന അച്ഛന്റെ ജോലിയ്ക്കിടയില്‍ മുടങ്ങാതെ വന്നു ചേരുന്ന കത്തുകള്‍ സ്‌നേഹം മാത്രമായിരുന്നില്ല പകര്‍ന്നു തന്നത്.  ഈ ഭൂലോകത്തിന്റെ ഒരുപാട് കോണുകള്‍, അവിടുത്തെ കാഴ്ചകള്‍, വിശേഷങ്ങള്‍, ആളുകള്‍, അറിവുകള്‍ - അച്ഛന്റെ കത്തുകള്‍ വലിയ വലിയ യാത്രാവിവരണങ്ങള്‍ ആയിരുന്നു.  അവയിലൂടെ ഈ ലോകമെന്നത് തിരുവനന്തപുരം എന്നൊരു ദേശം മാത്രമല്ലെന്ന് ഓര്‍മ്മ വച്ചപ്പോഴേ ഞാനറിഞ്ഞു.  വിവിധ നാടുകളിലെ മലകളും പുഴകളും പൂക്കളും മരങ്ങളും മറ്റും ഫോട്ടോകളായി അച്ഛന്റെ വര്‍ണ്ണനകളായി മനസ്സില്‍ പതിഞ്ഞു.  അച്ഛന്റെ ഫോട്ടോഗ്രാഫി കമ്പം മനസ്സില്‍ പതിപ്പിച്ചു തന്ന ലോകങ്ങള്‍ കാണണമെന്ന് മനസ്സ് കുട്ടിക്കാലത്ത് ഉറപ്പിച്ചിരുന്നു.  ഒരവധിക്കാലത്ത് അച്ഛന്‍ സമ്മാനിച്ച എസ്.കെ.പൊറ്റക്കാട്ടിന്റെ സഞ്ചാരസാഹിത്യകൃതികള്‍ മറ്റൊരു സ്വപ്നവും കൂടി നല്‍കി - നാടുകള്‍ കണ്ട്, നാട്ടുവിശേഷങ്ങള്‍ എഴുതുന്ന യാത്രാവിവരണക്കാരിയാകണം.  കുട്ടിക്കാലത്ത് ആ സ്വപ്നങ്ങളൊക്കെ പത്തരമാറ്റോടെ യാഥാര്‍ത്ഥ്യമായി.  ഒന്‍പതാം ക്ലാസ്സില്‍ വിദേശയാത്ര, പത്താം ക്ലാസ്സില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ യാത്രാവിവരണം സീരിയലൈസ് ചെയ്തു വന്നു, ആയിടെ തന്നെ ഡി.സി. ബുക്‌സ് ബീന കണ്ട റഷ്യ പുസ്തകവുമാക്കി.
അക്കാലത്തൊന്നും സ്ത്രീക്ക് യാത്രകള്‍ സ്വപ്നം മാത്രമാണെന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല. പക്ഷേ  കൗമാരവും യൗവ്വനവും എന്നെ സ്ത്രീത്വത്തിന്റെ പരിമിതികളെക്കുറിച്ച് പഠിപ്പിച്ചു തുടങ്ങി.  പുറത്തിറങ്ങുമ്പോഴുളള നോട്ടങ്ങള്‍, അശ്ലീലച്ചുവയുളള കമന്റടികള്‍, പൊതുനിരത്തും, ബസ്സും ട്രെയിനുമൊക്കെ എനിക്കുളളതല്ല എന്ന് ഞാന്‍ വേഗത്തില്‍ തന്നെ തിരിച്ചറിഞ്ഞു.  എന്നിട്ടും പകലുകള്‍ സ്വന്തമാക്കി ഇത്തിരിവട്ടങ്ങളില്‍ ഞാനെന്നെ യാത്ര ചെയ്യിപ്പിച്ച് കൊണ്ടേയിരുന്നു.  പക്ഷേ രാത്രി മൊത്തമായും, ചില്ലറയായും എനിക്കുളളതല്ല എന്ന് തീരുമാനിക്കാതെ വയ്യായിരുന്നു.  സന്ധ്യയ്ക്ക് ശേഷം പുറത്തിറങ്ങുന്നത് അപകടമെന്ന് വീട്ടുകാരും നാട്ടുകാരും അനുഭവങ്ങളും വ്യക്തമാക്കിക്കൊണ്ടേയിരുന്നു.
പത്രപ്രവര്‍ത്തനം പഠിച്ചും, പത്രപ്രവര്‍ത്തകയായും സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ സ്വന്തമാക്കാന്‍ ശ്രമിച്ചിട്ടും യാത്രയെന്നത് സ്വപ്നം മാത്രമായി തന്നെ അവശേഷിച്ചു
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ജോലി കിട്ടിയപ്പോള്‍ ആദ്യ പോസ്റ്റിംഗ് ഡി.എ.വി.പി.യിലായിരുന്നു.  കേരളത്തിലെ ഗ്രാമങ്ങളില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുകയായിരുന്നു ജോലി.  വിരസമായിരുന്നു ജോലിയെങ്കിലും യാത്ര ചെയ്യാമെന്ന ചിന്ത കോശങ്ങളില്‍ ആനന്ദത്തിന്‌റെ  ഊര്‍ജ്ജസ്രോതസ്സുകളുടെ ഉറവുകളെ ഉണര്‍ത്തി.  ചെറിയ കുട്ടിയായിരുന്ന മകനെ പലപ്പോഴും ഒപ്പം കൊണ്ടു പോയി, മകനെ വീട്ടിലാക്കി പോയപ്പോള്‍ വീട് മാടി വിളിച്ചു.  കേരളത്തിലെ ഗ്രാമങ്ങളില്‍ അലഞ്ഞു നടന്ന ആ കാലത്താണ് (20 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു) സ്ത്രീ യാത്രയുടെ പ്രായോഗിക പ്രശ്‌നങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.
രാത്രി താമസിക്കാനിടം തേടി പല ഗ്രാമങ്ങളിലും അലഞ്ഞ അനുഭവങ്ങള്‍.  പലപ്പോഴും മണിക്കൂറുകള്‍ യാത്ര ചെയ്ത് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്.  നിത്യവും ദീര്‍ഘയാത്ര ചെയ്ത് ക്ഷീണിച്ചത് ഓന്നോ രണ്ടോ വട്ടമായിരുന്നില്ല.  പല സ്ഥലത്തും പെട്ടെന്ന് ചെല്ലുമ്പോഴും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് വേണ്ടി ചെല്ലുമ്പോഴും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളുടെ വാതിലുകള്‍ തുറക്കുമായിരുന്നില്ല.  സുരക്ഷിതമായ രാത്രികേന്ദ്രങ്ങള്‍ അക്കാലത്ത് അപൂര്‍വ്വം തന്നെയായിരുന്നു.  ഹോട്ടലുകള്‍ ഒറ്റയ്ക്ക് താമസിക്കാനെത്തുന്ന സ്ത്രീയെ പകപ്പോടെ നോക്കി.
അന്ന് ഇന്ത്യയില്‍ തന്നെ മറ്റൊരു സ്ത്രീയും ഡി.എ.വി.പി.യുടെ എക്‌സിബിഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കാന്‍ ധൈര്യം കാട്ടാത്തതിനാല്‍ ഔദ്യോഗികമായും ഇത്തരം പ്രശ്‌നങ്ങള്‍ എന്റേതു മാത്രമായി അവശേഷിച്ചു.
പൊതു ഇടങ്ങളിലെ രാത്രികള്‍ സ്ത്രീകളുടേതല്ല എന്ന് പല അനുഭവങ്ങളിലൂടെ കേരളീയ സമൂഹം എന്നെ പഠിപ്പിച്ചു കൊണ്ടേയിരുന്നു.  എന്റെ ഓഫീസര്‍ ഞാന്‍ ജോലിയില്‍ ചേരാന്‍ ചെല്ലുമ്പോള്‍ തന്നെ പ്രസ്താവിച്ചതാണ്,
''ഇതു സ്ത്രീകള്‍ക്ക് ചേര്‍ന്ന പണിയല്ല, നിങ്ങളെ കൊണ്ടു പോകുന്ന് ഞങ്ങള്‍ക്കും ബുദ്ധിമുട്ടാണ്, പേരുദോഷം ഉണ്ടാവുമെന്നത് ഒരു കാര്യം.  നിങ്ങളുടെ സുരക്ഷ ഉണ്ടാക്കുന്ന തലവേദന മറ്റൊന്ന്.  ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകുന്നതാണ് നിങ്ങള്‍ക്കും ഓഫീസിനും നല്ലത്.''
5 വര്‍ഷങ്ങള്‍ ഞാന്‍ കേരളത്തിലെ ഗ്രാമങ്ങള്‍ കണ്ട് നടന്നു.  ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ടായിരുന്നു.  എങ്കിലും അപൂര്‍വ്വമായ ഒരു ലഹരി ആ നാളുകളില്‍ എന്നില്‍ നിറഞ്ഞു നിന്നു.  യാത്രയുടെ ലഹരി.  ട്രെയിനുകളും ബസ്സുകളും എന്റെ സ്വന്തം ഇടങ്ങളാണെന്ന് തോന്നുന്നത് അക്കാലത്ത് മാത്രമായിരുന്നില്ല.
യാത്രകള്‍ ഇത്രയേറെ ആത്മാവില്‍ കുടിയേറിയിട്ടും യാത്രകളെ ശപിച്ചു പോവുന്നത് കേരളത്തിലെ പുരുഷ സമൂഹത്തിലെ ചിലരുടെ മാനസികവൈകല്യങ്ങള്‍ അനുഭവിക്കുമ്പോഴാണ്.  അനാവശ്യമായി പിന്തുടരുന്ന അശ്ലീല കണ്ണുകള്‍, തോണ്ടലുകള്‍, തൊടീലുകള്‍, അശ്ലീല സംസാരങ്ങള്‍ -
 അപകടം മണക്കുന്ന യാത്രാവേളകള്‍, യാത്രയുടെ ചന്തവും ചാരുതയും പല തവണ തല്ലിക്കൊഴിച്ചു.
ചിലരൊക്കെ ബസ്സില്‍ ഞാന്‍ യാത്ര ചെയ്യുന്ന സ്ഥലം വരെ ടിക്കറ്റെടുത്ത് ഒപ്പം വന്ന് എന്റെ നെഞ്ചിടിപ്പ് കൂട്ടി.  മറ്റ് ചിലര്‍ അറപ്പുളവാക്കുന്ന കാഴ്ചകള്‍ കാട്ടി, വര്‍ത്തമാനങ്ങള്‍ പറഞ്ഞ് വഴിയോരങ്ങളെ അഭിശപ്തമാക്കി - സ്ത്രീശരീരമെന്നത്  ഏറ്റവും വലിയ ശാപമാണെന്നും, അതിനുളളിലിരുന്ന് പിടയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ, യാത്രയുടെ ആഗ്രഹങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും പലവട്ടം അനുഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചു.  
എന്നിട്ടും എനിക്ക് യാത്ര ചെയ്യാതിരിക്കാന്‍ വയ്യായിരുന്നു.  അവസരം കിട്ടിയപ്പോഴൊക്കെ ഞാന്‍ ബാഗു നിറച്ച് പോകാന്‍ കഴിയുന്ന ഇടങ്ങളിലേയ്‌ക്കൊക്കെ പോയി, കാണാന്‍ തോന്നിയ കാഴ്ചകളെ തേടി അലഞ്ഞു, ഇന്ത്യയുടെ മിടിപ്പുകള്‍ക്ക് കാതോര്‍ത്തു.  എഴുതാന്‍ കഴിഞ്ഞതൊക്കെ എഴുതി.  ജീവിതത്തിരക്കുകളുടെ, സമയക്കുറവിന്റെ പരിമിതകളാല്‍ എഴുതാന്‍ കഴിയാതെ ഏറെ ബാക്കി വച്ചു.  ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പല പുരുഷന്മാര്‍ക്കും ''അല്‍പ്പം പിശകാവും, അതാണ് ഇങ്ങനെ യാത്ര ചെയ്യുന്നത്'' എന്ന് തോന്നുന്നത് നേരിട്ടറിഞ്ഞിട്ടുണ്ട്.  അവരുടെയൊക്കെ സങ്കല്‍പ്പത്തിലെ സ്ത്രീ വീടിന് പുറത്ത് ഒരു ലോകം കാണേണ്ടവളല്ലല്ലോ.
അപമാനങ്ങള്‍, അസ്വസ്ഥതകള്‍ - ഏറെ അനുഭവിച്ചിട്ടും യാത്ര എന്നെ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കു ന്നു.
20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡി.എ.വി.പി.യില്‍ ജോലി ചെയ്യുമ്പോള്‍ നേരിട്ട പ്രശ്‌നങ്ങളില്‍ പലതും ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല.  പുരുഷന്മാരുടെ പെരുമാറ്റത്തെക്കുറിച്ച് മാത്രമല്ല, രാത്രി താമസിക്കാനുളള പ്രശ്‌നങ്ങള്‍, ഒരിടത്ത് രാത്രി ചെന്നിറങ്ങിയാല്‍ സുരക്ഷിതമായി താമസസ്ഥലത്തെത്താനുളള പ്രശ്‌നങ്ങള്‍, എല്ലാത്തിനുമുപരി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുളള സൗകര്യങ്ങള്‍.  
ഒക്കെ ഇന്നും കീറാമുട്ടികള്‍ തന്നെ.


ഒരാള്‍ തീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാല്‍ പ്രപഞ്ചം മുഴുവന്‍ അയാളുടെ സഹായത്തിനെത്തുമെന്ന് പറഞ്ഞത് പാവ് ലോ കൊയ്‌ലോയാണ്.  അത് ശരിയാണെന്ന് ജീവിതം പലവട്ടം പഠിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴും.
ദൂരദര്‍ശന്റെ ന്യൂസ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിയപ്പോള്‍ എഴുത്തിന് വേണ്ടി മറ്റ് തിരക്കുകളില്‍ നിന്ന് രക്ഷപ്പെടുക എന്നതായിരുന്നു ഉദ്ദേശ്യം.  ഇപ്പോള്‍ യാത്രകളുടെ ലോകം വീണ്ടും എനിക്ക് സ്വന്തം.  ഔദ്യോഗികമായി തന്നെ വിവിധ സ്ഥലങ്ങളിലേക്ക് യാത്രകള്‍ക്ക് അവസരം തരുന്നു എന്റെ ജോലി.
യാത്രകള്‍ വിശാലമാക്കുന്നത് മനസ്സിനെയും ചിന്തകളെയും മാത്രമല്ല, ജീവിത വീക്ഷണത്തെ കൂടിയാണ് - സ്ത്രീ ശരീരത്തിലിരുന്ന്  ശ്വാസം മുട്ടുന്ന എന്റെ യാത്രമനസ്സ് ഓരോ യാത്രയിലും ഉന്മാദിയാകുന്നു. ഓരോ കാഴ്ചയും ആയിരമിരട്ടി ചാരുതയോടെ ഓര്‍മ്മയുടെ പുസ്തകത്തില്‍ ബാക്കിയാവുന്നു.
 പുരുഷന്മാരുടെ യാത്രകളെക്കാള്‍ ആയിരമിരട്ടി പ്രയാസകരമാണ് ഓരോ സ്ത്രീ യാത്രയും.  വീടും, ഓഫീസും, മറ്റ് അസൗകര്യങ്ങളും.  ഒക്കെ പിന്നോട്ട് വലിക്കുമ്പോഴും യാത്രയുമായി മുന്നോട്ട് പോകുന്നതിന് കഴിയുന്നവര്‍ - അവരിലൊരാളാകുമ്പോള്‍ എനിക്ക് കിട്ടുന്നത് അപൂര്‍വ്വമായ ജീവിതോര്‍ജ്ജമാണ്, ഏതു പ്രതിസന്ധിയെയും മറികടക്കാനുളള അപാരമായ ശക്തിയാണ്.


***
ജനപ ഥത്തില്‍ പ്രസിദ്ധീകരിച്ചത്.

2012, ഏപ്രില്‍ 3, ചൊവ്വാഴ്ച

കൂട്ടിയാലും കുറച്ചാലും പൂജ്യം




കൂട്ടിയാലും കുറച്ചാലും പൂജ്യം




സന്ദീപിന്റെ അമ്മയും അനിയത്തിയും പാതിരാത്രി ഓടിക്കിതച്ചെത്തിയത് കണ്ട് ഞാനന്തിച്ചു.
''അച്ഛന്‍ വീട്ടിലില്ല, ചേട്ടന്‍ ഞങ്ങളെ കൊല്ലാന്‍ വരികയാ. വീട് പുറത്ത് നിന്ന് പൂട്ടി ഞങ്ങളോടി വന്നതാണ്. എന്തു ചെയ്യണം എന്നറിയില്ല''.
സന്ദീപിന്റെ അസ്വസ്ഥതകള്‍ കുറെ നാളായി അറിയുന്നു, കേള്‍ക്കുന്നു.... പക്ഷെ, ഇങ്ങനെ ഒരവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ഓര്‍ത്തിരുന്നില്ല. സൈക്കിയാട്രിസ്റ്റിനെ കണ്ട് മരുന്നുകള്‍ വാങ്ങി അവനറിയാതെ ജ്യൂസിലും ചായയിലുമൊക്കെ കലക്കി കൊടുക്കുകയാണ് ആ അച്ഛനമ്മമാര്‍. പ്രശ്‌നമെല്ലാം തുടങ്ങിയത് എഞ്ചിനീയറിംഗ് കോളേജിലെ പരീക്ഷകളില്‍ തോറ്റു തുടങ്ങിയതോടെയാണ്. പഠിക്കാന്‍ ശരാശരിക്കാരനായിരുന്നു സന്ദീപ്. എഞ്ചിനീയറായേ തീരൂ എന്നൊന്നും അവനില്ലായിരുന്നു, മകന്‍ എഞ്ചിനീയര്‍ ആയേ തീരൂ എന്ന വാശി അച്ഛനമ്മമാര്‍ക്കായിരുന്നു, അതിനനുസരിച്ച് അവനും എന്‍ട്രന്‍സ് കോച്ചിംഗിനും ട്യൂഷനുമൊക്കെ ചേര്‍ന്ന് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റാന്‍ ശ്രമങ്ങള്‍ നടത്തി.
പക്ഷെ, അത്ര വലിയ ഫലമൊന്നും ഉണ്ടായില്ല, 16,000 ത്തിലെത്തിയതേയുള്ളു റാങ്ക്. പണം കൊടുത്ത് മാനേജ്‌മെന്റ് സീറ്റില്‍ അഡ്മിഷന്‍ വാങ്ങാമെന്ന് തീരുമാനിച്ചതും അച്ഛനമ്മമാര്‍. പി.എഫ് ലോണെടുത്ത് അച്ഛന്‍ വന്നു, അമ്മ നല്ല കോളേജ് തെരഞ്ഞെടുത്ത് ചേര്‍ത്തു. പക്ഷെ, പഠിക്കേണ്ടത് സന്ദീപല്ലെ. എഞ്ചിനീയറിംഗ് സിലബസ്സും പരീക്ഷകളും അവന് മുന്നില്‍ പലപ്പോഴും വഴിതടഞ്ഞു നിന്നു. ഓരോ സെമസ്റ്ററിലും തോറ്റ പേപ്പറുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ കോഴ്‌സ് തീര്‍ന്നപ്പോള്‍ 38 സപ്ലിമെന്ററി പേപ്പറുകളുമായി എഞ്ചിനീയറിംഗ് പഠനം അവന് മുന്നില്‍ ഹിമാലയം പോലെ നിന്നു.


സന്ദീപ് തകരാന്‍ തുടങ്ങി. പരീക്ഷകള്‍ പാസ്സാകാന്‍ കഴിയില്ലെന്ന ബോധം അവനെ തളര്‍ത്തി. ഒരു ഡിഗ്രി പോലുമില്ലാതെ മുന്നോട്ടുള്ള പോക്ക് എങ്ങനെ എന്നവന് ആധിയായി. അച്ഛനമ്മമാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാതെ പോകുന്നതിലുള്ള കുറ്റബോധം വേറെ. മുന്നോട്ടൊരു വഴിയും കാണാതെ 22-ാം വയസ്സില്‍ സന്ദീപ് നിരാശയിലേക്ക് കൂപ്പുകുത്തി. അച്ഛനമ്മമാര്‍ക്ക് ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പൊലിയുന്ന സ്വപ്നങ്ങള്‍ അവര്‍ക്ക് നോവായി. അവര്‍ അവനെ പഴിച്ചു. തോറ്റതില്‍ ചീത്ത പറഞ്ഞു. ജോലിക്ക് പോകാനാവാത്തതില്‍ പണം കൊയ്യാമെന്ന പ്രതീക്ഷകള്‍ തകര്‍ത്തതില്‍ ശപിച്ചു. അവര്‍ക്ക് മുന്നില്‍ സമൂഹം പല്ലിളിച്ച് നിന്നു.
സന്ദീപ് വീട്ടില്‍ നിന്ന് പുറത്തു പോകാതെയായി. കൂട്ടുകാരുമായി മിണ്ടാതെയായി. ടി.വിക്കു മുന്നില്‍ കുത്തിയിരുന്ന്, കിടക്കിയില്‍ ചരിഞ്ഞും മറിഞ്ഞും കിടന്നവന്‍ ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ കടത്തി വിട്ടു.
പൂര്‍ണമായ നിരാശയിലേക്ക് അവന്‍ പതിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് ഇടപെടാതെ വയ്യാന്നായി.
വീണ്ടും കോളേജില്‍ ചേര്‍ന്ന് ആര്‍ട്‌സ് വിഷയങ്ങളിലേതിലെങ്കിലും ബി.എ ഡിഗ്രിയെടുക്കാന്‍ അവര്‍ സന്ദീപിനെ ഉപദേശിച്ചു. മുതിര്‍ന്നു കഴിഞ്ഞ് പ്ലസ്ടൂക്കാര്‍ക്കൊപ്പം പഠിക്കാന്‍ സന്ദീപ് തയ്യാറായിരുന്നില്ല. പഠിക്കുക എന്നത് അസാദ്ധ്യമായ ഒരു മാനസികാവസ്ഥയിലേക്ക് അവന്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞിരുന്നു താനും.
ഡിപ്രഷന്‍, വയലന്‍സ്, ആത്മഹത്യാ പ്രവണത - സന്ദീപ് കൂപ്പുകുത്തുകയായിരുന്നു. സൈക്കിയാട്രിസ്റ്റിന്റടുത്തേക്ക് പോകാന്‍ തയ്യാറാകാത്ത സന്ദീപിന് വേണ്ടി അച്ഛനമ്മമാര്‍ കയറിയിറങ്ങുകയാണ്, മരുന്നുകള്‍ മാറി മാറി നല്‍കുകയാണ്, അവനറിയാതെ.
''ഇതൊരൊറ്റ സന്ദീപിന്റെ കഥയാണെന്ന് കരുതി വിഷമിക്കേണ്ട, ഇത്തരം അവസ്ഥയുള്ള ധാരാളം കുട്ടികള്‍ ഇന്നുണ്ട്. എഞ്ചിനീയറിംഗ് കോളേജുകളിലും മെഡിക്കല്‍ കോളേജുകളിലും പഠനം പൂര്‍ത്തിയാക്കാനാവാതെ പോകുന്നവരില്‍ ഏറെയും ഡിപ്രഷന്‍ ചികിത്സയിലാണ്''.
സൈക്കിയാട്രിസ്റ്റ് ആശ്വസിപ്പിക്കുന്നത് അതു പറഞ്ഞാണ്.
ഞാനും അവരോട് അതു തന്നെ പറഞ്ഞു. വെറുതെ പറഞ്ഞതല്ല, ഈയാഴ്ച തന്നെ കേട്ട ഇത്തരത്തിലുള്ള മൂന്നാമത്തെ കഥയായിരുന്നു സന്ദീപിന്റേത്.
ഐ.ടി കമ്പനികളിലും മറ്റും ലക്ഷക്കണക്കിന് ശമ്പളം വാങ്ങുന്ന യുവത്വത്തിന്റെ കഥകള്‍ക്കൊപ്പം ഇത്തരം കഥകളും കൂടി ചേര്‍ത്തു വയ്‌ക്കേണ്ടിയിരിക്കുന്നു, സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ സംഭാവനകളായും നമുക്കിവരെ കണക്കാക്കാം.




പണ്ട് പണ്ട് എന്നു വച്ചാല്‍ സ്വാശ്രായ കേളേജുകള്‍ വരുംമുമ്പ് ഏറ്റവും മിടുക്കരായവര്‍ക്ക് പഠിക്കാനാവുന്ന, ഒരുപാട് താല്പര്യത്തോടെ മാത്രം പഠിക്കാന്‍ കഴിയുന്ന പ്രൊഫഷനുകളായിട്ടാണ് എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖലകള്‍ കരുതപ്പെട്ടിരുന്നത്. കേരളത്തില്‍ പരിമിതമായ സീറ്റുകള്‍ മാത്രമുള്ള ഈ കോഴ്‌സുകളില്‍ പ്രവേശനം കിട്ടുക ബുദ്ധിമുട്ടാണെന്നായപ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ അയല്‍ സംസ്ഥാനങ്ങളിലെ കേളേജുകളില്‍ വമ്പിച്ച ക്യാപ്പിറ്റേഷന്‍ ഫീസ് നല്‍കി മക്കളെ പഠിപ്പിക്കാന്‍ തുടങ്ങി.
കുറെ നാള്‍ അതിനെതിരെയുള്ള സമരവാചക കോലാഹലമായിരുന്നു. പിന്നീടാണ് ബുദ്ധിയുള്ളവര്‍ കണ്ടുപിടിച്ചത് - കേരളത്തില്‍ സ്വാശ്രയ മേഖല ആരംഭിക്കുക.
മുക്കിലും മൂലയിലും തുടങ്ങി പ്രൊഫഷനല്‍ കോളേജുകള്‍. എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകള്‍ പണ്ടത്തെ പാരലല്‍ കോളേജുകള്‍ പോലെ നാടു നിറഞ്ഞു. 


അച്ഛനമ്മമാരുടെ സ്വപ്നങ്ങള്‍ പേറി ഒരുവിധം പഠിക്കുന്ന കുഞ്ഞുങ്ങളൊക്കെ ഈ കോളേജുകളിലേക്ക് വന്നു ചേര്‍ന്നു. സംസ്ഥാനത്തെ ആട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ കോഴ്‌സുകളില്‍ കുട്ടികളെ കിട്ടാതായി, കിട്ടിയവരുടെ നിലവാരത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു.... ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ ആര്‍ക്കും വേണ്ടാതായി. അച്ഛനമ്മമാര്‍ അതൊന്നും കണ്ടില്ല, കേട്ടില്ല. എന്‍ട്രന്‍സ് കോച്ചിംഗ്, ട്യൂഷന്‍, എഞ്ചിനീയറിംഗ് അഡ്മിഷന്‍, മെഡിസിന്‍ അഡ്മിഷന്‍ - ജീവിതം അതിന്മേല്‍ മാത്രം തിരിഞ്ഞു കറങ്ങി പക്ഷെ, പലരും വൈകി തിരിച്ചറിഞ്ഞു - പ്രൊഫഷണല്‍ ഡിഗ്രി - അത് ഒരു കടമ്പ തന്നെ.
സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിജയ ശതമാനത്തെക്കുറിച്ച് നടത്തിയ പഠനങ്ങളൊക്കെ പുറത്ത് കൊണ്ട് വന്നിരിക്കുന്നത് അസ്വസ്ഥകരമായ കണക്കുകളാണ്. 60% ത്തിലേറെ കുട്ടികളും പരീക്ഷയില്‍ ജയിക്കാന്‍ ബുദ്ധിമുട്ടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ അച്ഛനമ്മമാര്‍ ഈ പഠനങ്ങളോ, കണക്കുകളോ മുഖവിലയ്‌ക്കെടുക്കുന്നുണ്ടോ എന്ന് സംശയമാണ്.
പല മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഒന്നാം വര്‍ഷ പരീക്ഷ പാസാവാന്‍ തന്നെ 5 ഉം 6 ഉം വര്‍ഷങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ മല്ലിടുന്നു എന്ന് കേള്‍ക്കുമ്പോള്‍ മനസ്സ് നൊന്ത് പോവുന്നു. 38 ഉം 40 ഉം സപ്ലിമെന്ററികള്‍ എഴുതാന്‍ ബാക്കിയാക്കി ജീവിതം ഒരു പാഴ്‌വാക്കെന്ന് കണക്കാക്കി നശിക്കുന്ന എത്രയേറെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍!




നൃത്തം ചെയ്യാനിഷ്ടപ്പെടുന്ന ഒരു കൂട്ടുകാരനുണ്ട് എന്റെ മകന്‍ അപ്പുവിന്. സ്വന്തമായി നൃത്താവിഷ്‌ക്കാരം നടത്താനും നൃത്തപരിപാടികള്‍ നടത്താനും മിടുക്കന്‍. ഒരുപാട് നിര്‍ബ്ബന്ധിച്ച് അച്ഛനമ്മമാര്‍ അവനെ ചേര്‍ത്തു എഞ്ചിനീയറിംഗിന്. പൂര്‍ണ പരാജയം ഏറ്റുവാങ്ങി അവന്‍ വീട്ടിലിരിക്കുന്നു. അവന്റമ്മയോട് ഞാന്‍ പറഞ്ഞു നോക്കി.
''അവനെ മൂംബൈയിലോ, ചെന്നൈയിലെ വിടൂ. അവന്‍ നൃത്തം പഠിച്ച് അവന്റെ സ്വപ്നങ്ങള്‍ക്കനുസരിച്ച് ജീവിക്കട്ടെ''.
''എഞ്ചിനീയറിംഗ് പരീക്ഷകള്‍ മുഴുവന്‍ പാസായി ഡിഗ്രിയെടുത്ത് വരട്ടെ. എന്നിട്ട് വിടാം. എഞ്ചിനീയറാകാതെ അവനെ മറ്റൊന്നിനും വിടില്ല''.
ഈ ജന്മം അവന്‍ എഞ്ചിനീയറിംഗ് ഡിഗ്രി എടുക്കില്ലെന്ന് ഉറപ്പാണ്, പക്ഷെ അവന്റെ അച്ഛനമ്മമാര്‍ക്ക് അവരുടെ ''സ്റ്റാറ്റസ്'' സംരക്ഷിക്കാതെ വയ്യല്ലോ.
ഐടി മേഖലകളിലെ തൊഴില്‍ സാധ്യതാ വര്‍ദ്ധനയും, വിദേശ രാജ്യങ്ങളിലേക്ക് പോകാനുള്ള അവസരങ്ങള്‍ കൂടിയതുമൊക്കെ പ്രൊഫഷണല്‍ മേഖലയോടുള്ള താല്പര്യം കൂടുന്നതിന് കാരണമായിട്ടുണ്ട്. സമൂഹം ഇത്തരം ജോലികള്‍ക്ക് നല്‍കുന്ന അമിതമായ ആരാധനയും അച്ഛനമ്മമാരുടെയും കുട്ടികളുടെയും സ്വപ്നങ്ങള്‍ക്ക് ഏകദിശ നല്‍കുന്നു. പലപ്പോഴും കുട്ടികള്‍ തന്നെ തീരുമാനിക്കുന്നു എഞ്ചിനീയറാകണം, ഡോക്ടറാകണമെന്ന്. സഹപാഠികളും, സുഹൃത്തുക്കളും, സമൂഹവും സൃഷ്ടിച്ചെടുക്കുന്ന ചിന്താസരണികളില്‍പെട്ട് ഈ തീരുമാനത്തിലേക്ക് എത്തുന്നവരും ഏറെയുണ്ട്.


30 ഉം 40 ഉം ലക്ഷം രൂപ കൊടുത്ത്  (അഡ്മിഷന്‍ വാങ്ങാന്‍ സ്വന്തം വീടും പറമ്പും വില്‍ക്കാന്‍ വരെ തയ്യാറാകുന്ന അച്ഛനമ്മമാര്‍ മഹത്തായ ഒരാശയമാണ് നടപ്പാക്കുന്നത് - ''വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം'') പക്ഷെ, ഈ ''വിദ്യ'' താങ്ങാനുള്ള ശേഷി തങ്ങളുടെ മക്കള്‍ക്കുണ്ടോ എന്ന് ചിന്തിക്കാനവര്‍ക്ക് കഴിയുന്നില്ല. പലരും കുട്ടികളെ റോബോട്ടുകളെ  പോലെ കണക്കാക്കി ആവശ്യപ്പെടുന്നു - ''ഡോക്ടറാവൂ, എഞ്ചിനീയറാവൂ. നിനക്ക് വേണ്ടതൊക്കെ ഞാന്‍ ശരിയാക്കിത്തരുന്നില്ലേ. നിനക്ക് പഠിച്ചാല്‍ പോരേ?''.
സ്വന്തം കുട്ടിക്ക് ഏന്തു പഠിക്കാനാവും  എന്നറിയാന്‍ കഴിയാതെ പോകുന്നവരാണ് ഇവരില്‍ ഏറെയും.
പഠിച്ച് വിജയിച്ച് പ്രശസ്തമായ കമ്പനികളില്‍ ചേര്‍ന്നു കഴിഞ്ഞാലും സ്ഥിതി ആശാവഹമല്ല. ട്രെയിനിംഗ് മോഡ്യൂളുകളിലൂടെ കടന്നു പോകാനാവാതെ ജോലി നഷ്ടപ്പെടുന്നവര്‍ കുറച്ചൊന്നുമല്ല എന്നതാണ് സത്യം.
ഓരോ കുട്ടിക്കും പഠിക്കാന്‍ കഴിയുന്നത്, താല്പര്യമുള്ളത് പഠിക്കുക എന്ന രീതി ഇന്ന് നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രൊഫഷനല്‍ കോഴ്‌സുകളില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ കിട്ടിയിരുന്ന കാലത്ത് പരാജയപ്പെടുന്നവരുടെ എണ്ണം കുറവായിരുന്നുവെന്ന് കണക്കുകളില്‍ നിന്ന് തെളിയുന്നു. അന്ന് കുഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കര്‍ക്കും എഞ്ചിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ കിട്ടുമായിരുന്നു. എന്‍ട്രന്‍സ് സമ്പ്രദായം ഇത്തരക്കാരെ പാടേ ഒഴിവാക്കുകയാണ് ചെയ്തത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ധനാഢ്യര്‍ക്ക് പ്രാപ്യമാവുന്ന കോച്ചിംഗ് സെന്ററുകള്‍ ബ്രോയിലര്‍ ചിക്കനുകളെ പോലെ - നല്‍കി സൃഷ്ടിച്ചെടുക്കുന്ന റാങ്കുകള്‍, പലപ്പോഴും പഠനത്തിന് യോഗ്യതയാകുന്നില്ല. അതുകൊണ്ട് തന്നെയാകണം എന്‍ട്രന്‍സ് വന്നതിന് ശേഷം പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ പരാജയ ശതമാനം ഏറുന്നതും. കഴിവുള്ള നല്ലൊരു ശതമാനം കുട്ടികളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ് ഇതിലൂടെ നമ്മള്‍. കേരളത്തിലെ തൊഴില്‍ മേഖലയെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.


മിടുക്കുള്ള നല്ലൊരു ശതമാനം കുട്ടികളും പ്രൊഫഷണല്‍ കോളേജുകളില്‍ ജയിച്ചും തോറ്റും കഴിയുന്നു. മറ്റ് കോഴ്‌സുകള്‍ പഠിക്കാനെത്തിയിരുന്നവരാണ് ഇതില്‍ ഏറെയും. പണ്ട് നഴ്‌സിംഗിനും, പാരാമെഡിക്കല്‍ കോഴ്‌സിനും ചേരുമായിരുന്നവര്‍ ഇന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ജയിക്കാന്‍ പാടുപെട്ട് നീണ്ട നീണ്ട വര്‍ഷങ്ങള്‍ ചെലവഴിക്കുന്നു.
ഐ.ടി.ഐയിലും പോളിടെക്‌നിക്കിലും വി.എച്ച്.എസ്.സിയിലുമൊക്കെ പഠിച്ച് വിദഗ്ധരായ മെക്കാനിക്കുകള്‍ ആകുമായിരുന്ന നല്ലൊരു വിഭാഗം കുട്ടികള്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ പരിക്ഷകളോട് മല്ലിടുന്നു. പല തൊഴിലുകളിലും വിദഗ്ദരായവരെ നമുക്കിപ്പോള്‍ കിട്ടാനില്ല എന്നതാണല്ലോ പരാതി. കണ്‍സ്ട്രക്ഷന്‍ മേഖലയിലും, ഹോട്ടല്‍ മേഖലയിലുമൊക്കെ അന്യ സംസ്ഥാന തൊഴിലാളികള്‍ നിറഞ്ഞിരിക്കുന്നു.
രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ബലികഴിക്കപ്പെടേണ്ടതല്ല വിദ്യാഭ്യാസ മേഖല. കുറെയേറെ കാലങ്ങളായി നമ്മുടെ വിദ്യാഭ്യാസ രംഗത്ത് സംഭവിക്കുന്നതൊക്കെ ദൂരവ്യാപകമായി ദോഷങ്ങളുണ്ടാക്കുന്നവയായി മാറുന്നുണ്ട്. അതിലേറ്റവും അപകടമുണ്ടാക്കിയത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
ജീവിതത്തിന്റെ പെരുവഴികളില്‍ തള്ളപ്പെടുന്ന സന്ദീപുമാര്‍ ഇനിയും സൃഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ കുട്ടിയ്ക്ക് പ്രാപ്യമാകുന്ന വിദ്യാഭ്യാസമവന് നല്‍കാന്‍ അച്ഛനമ്മമാര്‍ തയ്യാറാകണം. ഓരോ കുട്ടിക്കും ഓരോ കഴിവുകളുണ്ടാവും, അവിടെയാണവന് വ്യുത്പത്തി ഉണ്ടാകേണ്ടത്, അവിടെയാണവന്‍ സ്വയം തെളിയിക്കേണ്ടത്. ആ അവസരമാണ് ഇന്ന് നഷ്ടപ്പെടുന്നത്.






അകക്കാഴ്ച-മാതൃഭൂമി online ലെ കോളത്തില്‍ പ്രസിദ്ധീകരിച്ചത്.